മഹ്സ അമിനിയുടെ മരണത്തില്‍ പ്രതിഷേധം കനക്കുന്നു; ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിനു സ്ത്രീകള്‍

ദുബായ്: ഇറാനില്‍ മതപൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച 22 വയസ്സുകാരി മഹ്സ അമിനിയുടെ 40-ാം ചരമദിനം ആചരിക്കാന്‍ കുര്‍ദ് പട്ടണമായ സാക്വസില്‍ തടിച്ചുകൂടിയ പതിനായിരത്തോളം പേര്‍ക്കെതിരെ പൊലീസ് വെടിവെപ്പ്. ഒട്ടേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇറാനിലെ മറ്റു നഗരങ്ങളിലും അമിനി അനുസ്മരണ ചടങ്ങ് നടന്നു. പലയിടത്തും പ്രക്ഷോഭകരും പൊലീസുമായി ഏറ്റുമുട്ടലുമുണ്ടായി.

അതേസമയം, ‘ഏകാധിപത്യം തുലയട്ടെ,’ ‘സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിനു സ്ത്രീകള്‍ രോഷം പ്രകടമാക്കി. സെപ്റ്റംബര്‍ 17നായിരുന്നു മഹ്‌സ അമിനി എന്ന 22 വയസ്സുകാരി പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഹിജാബ് നിയമം ലംഘിച്ചെന്ന പേരിലാണ് മഹ്‌സയെ ടെഹ്‌റാനില്‍ നിന്ന് ഇറാനിലെ ‘സദാചാര പൊലീസ്’ ആയ ‘ഗഷ്‌തെ ഇര്‍ഷാദ്’ അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലായ മഹ്‌സ മരണപ്പെട്ടു. അതേസമയം, ഉദ്യോഗസ്ഥര്‍ യുവതിയെ മര്‍ദിച്ചിട്ടില്ലെന്നാണ്‌ ടെഹ്‌റാന്‍ പൊലീസിന്റെ പ്രതികരണം. മഹ്‌സാ അമിനി ഹൃദയാഘാതം വന്ന് മരിച്ചുവെന്നാണ് ഇറാന്‍ ഭരണകൂടം അവകാശപ്പെടുന്നത്. എന്നാല്‍ ഹിജാബ് ശരിയായി ധരിക്കാത്തതിന് മഹ്‌സയെ മതപൊലീസ് പിടിച്ചു കൊണ്ടുപോയെന്നും കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്നും ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങിയെന്നുമാണ് പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടുന്നത്.

സെപ്റ്റംബര്‍ 20ന് ടെഹ്‌റാനില്‍ നടന്ന പ്രതിഷേധത്തിനിടെ, മാലിന്യപ്പെട്ടിയുടെ മുകളില്‍ കയറി നിന്ന് ഹിജാബ് കത്തിക്കുന്നതും ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ട്വിറ്ററില്‍ ഉള്‍പ്പെടെ പ്രചരിച്ചത്. അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇറാനിലെങ്ങും തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 250ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.