ബംഗ്ലാദേശിനെതിരെ വമ്ബന്‍ ജയവുമായി ദക്ഷിണാഫ്രിക്ക

സിഡ്നി: ബംഗ്ലാദേശിനെതിരെ 104 റണ്‍സിന്റെ വമ്ബന്‍ ജയവുമായി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 206 എന്ന വലിയ സ്‌കോറിന് മുന്നില്‍ ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു. 16.3 ഓവറില്‍ 101ന് എല്ലാവരും പുറത്ത്.

34 റണ്‍സെടുത്ത ലിറ്റന്‍ ദാസ് ആണ് കടുവകളുടെ ടോപ് സ്‌കോറര്‍. സൗമ്യസര്‍ക്കാര്‍(15) മെഹദി ഹസന്‍ മിറാസ്(11) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. ബാക്കിയുള്ളവര്‍ക്കെല്ലം കുറഞ്ഞ പന്തിന്റെ ആയുസെ ഉണ്ടായിരുന്നുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കായി ആന്റിച്ച് നോര്‍ച്ചെ നാലും തബ്രിയാസ് ഷംസി മൂന്നു വിക്കറ്റും വീഴ്ത്തി. കാഗിസോ റബാദെ, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 2022 എഡിഷന്‍ ലോകകപ്പിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയ റീലി റൂസോയുടെ കരുത്തിലാണ് ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നേടിയത്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക നേടിയത് 205 റണ്‍സ്. 56 പന്തില്‍ നിന്ന് 109 റണ്‍സാണ് റൂസോ നേടിയത്. എട്ട് സിക്സറുകളും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു റൂസോയുെട കിടിലന്‍ ഇന്നിങ്സ്.

കൂട്ടിന് ഡികോക്കും കൂടി ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ പറപറന്നു. 38 പന്തില്‍ നിന്ന് 63 റണ്‍സാണ് ഡികോക്ക് നേടിയത്. മൂന്ന് സിക്സറുകളും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഡികോക്കിന്റെ ഇന്നിങ്സ്. എന്നാല്‍ ഇരുവരും പുറത്തായതോടെ സ്‌കോര്‍ വേഗം ഒന്നു പതുങ്ങി. പിന്നീട് വന്നവര്‍ക്ക് കാര്യമായി റണ്‍സ് കണ്ടെത്താനായില്ല. എയ്ഡന്‍ മാര്‍ക്രം(10) ട്രിസ്റ്റന്‍ സ്റ്റബ്സ് (7) എന്നിവര്‍ വേഗത്തില്‍ പുറത്തായി. ഡേവിഡ് വാര്‍ണര്‍ക്ക് ലഭിച്ചത് നാല് പന്തുകള്‍. അതില്‍ നേടിയത് രണ്ട് റണ്‍സ്. അപ്പോഴേക്കും 20 ഓവറും കഴിഞ്ഞിരുന്നു. പാര്‍നല്‍ പുറത്താകാതെ മില്ലര്‍ക്ക് കൂട്ടുണ്ടായിരുന്നു. അവസാന രണ്ട് പന്ത് നേരിട്ടെങ്കിലും റണ്‍സൊന്നും നേടാനായില്ല. നായകന്‍ ടെമ്ബ ബാവുമ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ആറ് പന്തുകള്‍ നേരിട്ട നായകന്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. അതേസമയം റീലി റൂസോയുടെ ടി20യിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. ഇന്ത്യക്കെതിരെ ഇന്ദോറിലായിരുന്നു ഇതിന് മുമ്ബ് സെഞ്ച്വറി നേടിയിരുന്നത്. അന്ന് ദക്ഷിണാഫ്രിക്ക വിജയിക്കുകയും ചെയ്തു. ടി20 ലോകകപ്പില്‍ വേഗതയേറിയ നാലാമത്തെ സെഞ്ച്വറിയാണ് റൂസോ ബംഗ്ലാദേശിനെതിരെ കുറിച്ചത്.