വിഴിഞ്ഞം സമരം 100-ാം ദിവസത്തിൽ; തുറമുഖ കവാടത്തിന്റെ പൂട്ട് പ്രതിഷേധക്കാർ തകർത്തു

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സമരക്കാർ. സമരം 100-ാം ദിവത്തിലേക്ക് കടക്കുമ്പോൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. തുറമുഖ കവാടത്തിന്റെ പൂട്ട് തകർത്ത് പദ്ധതിപ്രദേശത്ത് പ്രവേശിച്ച പ്രതിഷേധക്കാർ ഇവർ ബാരിക്കേഡുകൾ കടലിലെറിഞ്ഞു. വള്ളങ്ങളിലും മേഖലയിലേക്ക് പ്രതിഷേധക്കാർ എത്തിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ സൂചകമായി കറുത്ത പുക ഉയർത്തിക്കൊണ്ടാണ് വള്ളത്തിൽ പ്രതിഷേധം നടക്കുന്നത്. വള്ളം കത്തിച്ചും പ്രതിഷേധം ശക്തമാക്കുന്നുണ്ട്.

പുലിമുട്ട് നിർമാണം നടക്കുന്ന പ്രദേശത്താണ് വള്ളത്തിൽ പ്രതിഷേധക്കാരെത്തിയത്. നൂറുക്കണക്കിന് വള്ളങ്ങളിലാണ് പ്രതിഷേധക്കാർ സ്ഥലത്തെത്തിയത്. കരയിലും നൂറുകണക്കിനുപേർ പ്രതിഷേധം നടത്തുന്നുണ്ട്. ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാമെന്ന വാഗ്ദ്ധാനമല്ലാതെ സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് സമരക്കാരുടെ വിമർശനം. എന്നാൽ, കഴിയുന്ന ആവശ്യങ്ങൾക്കെല്ലാം അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം.

ജൂലായ് 20ന് സെക്രട്ടേറിയറ്റിലാണ് വിഴിഞ്ഞം സമരം ആരംഭിച്ചത്. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കൊല്ലങ്കോട് മുതൽ വർക്കല വരെയുള്ള ഇടവകകളിൽ നിന്നുള്ള വിശ്വാസികളും തീരദേശവാസികളുമാണ് ഇന്ന് സമരത്തിന് വേണ്ടി പ്രദേശത്ത് എത്തിയത്.