ആണവായുധ പരിശീലനങ്ങൾ നടത്തും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യ

വാഷിംഗ്ടൺ: ആണവായുധ പരിശീലനം നടത്തുമെന്ന് അമേരിക്കയെ അറിയിച്ച് റഷ്യ. തങ്ങളുടെ പ്രവർത്തന പദ്ധതിയെക്കുറിച്ച് റഷ്യ അറിയിച്ചതായി വാഷിംഗ്ടൺ വ്യക്തമാക്കി. സേനകളുടെ വാർഷിക ‘ഗ്രോം’ അഭ്യാസത്തിനിടെ റഷ്യ ആണവായുധ പരീക്ഷണങ്ങൾ നടത്തുമെന്നാണ് അമേരിക്ക വിലയിരുത്തുന്നത്. പുതിയ സ്റ്റാർട്ട് ഉടമ്പടി പ്രകാരം, അത്തരം മിസൈൽ വിക്ഷേപണങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയിക്കാൻ റഷ്യ ബാധ്യസ്ഥമാണെന്നും അമേരിക്ക വ്യക്തമാക്കി.

അമേരിക്കയ്ക്കും അതിന്റെ സഖ്യകക്ഷികൾക്കും ഒരു ഭീഷണിയാണ് റഷ്യയുടെ നീക്കമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. യുക്രൈൻ ഒരു ‘ഡേർട്ടി ബോംബ്’ പുറത്തെടുക്കാൻ തയ്യാറെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം റഷ്യ യുഎൻ രക്ഷാസമിതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആണവായുധ പരിശീലന വിവരം പുറത്തു വന്നിട്ടുള്ളത്.

എന്നാൽ, റഷ്യയുടെ പ്രസ്താവന തെറ്റാണെന്നും റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമാക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും യുക്രൈനും മറ്റ് പാശ്ചാത്യ രാജ്യങ്ങളും അറിയിച്ചിരുന്നു.