ആലപ്പുഴ: ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് എതിരെ പരാതിയുമായി മാതാവ് രംഗത്ത്. മകളും മരുമകനും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രഹ്ന ഫാത്തിമയുടെ മാതാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഇവർ പരാതി സമർപ്പിച്ചത്. മകളുടെ പീഡനത്തെ തുടർന്ന് ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയെന്നും എന്നാൽ, അവിടെയും ഭീഷണി തുടരുകയാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
തന്റെ ഒരേയൊരു മകളാണ് രഹ്നാ ഫാത്തിമയെന്നും മകളൊടൊപ്പം എറണാകുളത്തെ അവരുടെ ഫ്ളാറ്റിലാണ് താൻ താമസിച്ചിരുന്നതെന്നും രഹ്നാ ഫാത്തിമയുടെ അമ്മ പ്യാരി പരാതിയിൽ വിശദമാക്കുന്നുണ്ട്. മകളും മരുമകനും ചേർന്ന് തന്നെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നു. ജീവന് തന്നെ ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് ഫ്ളാറ്റിൽ നിന്നും ബന്ധുവീട്ടിലേക്ക് താമസം മാറിയത്.
അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ രഹ്ന ഫാത്തിമയെ ആലപ്പുഴ നോർത്ത് പോലീസ് വിളിച്ചുവരുത്തിയിരുന്നു. മാതാവിന് ഒരുതരത്തിലുള്ള ഭീഷണിയോ, ഏതെങ്കിലും തരത്തിലുള്ള ഉപദ്രവമോ ഉണ്ടാകാൻ പാടില്ലെന്നാണ് രഹ്നയ്ക്ക് പോലീസ് നൽകിയിരിക്കുന്ന താക്കീത്. ഇനി മകൾക്കൊപ്പം താമസിക്കാൻ താല്പര്യമില്ലെന്നും ഇപ്പോൾ താമസിക്കുന്ന വീട്ടുകാരെ ഒരു കാരണവശാലും ശല്യപ്പെടുത്തരുതെന്ന് മകളെ താക്കീത് ചെയ്യണമെന്നും പ്യാരി പരാതിയിൽ പറഞ്ഞിട്ടുണ്ട്.

