സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗം; മമത ബാനര്‍ജി പങ്കെടുക്കില്ല

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ ഹരിയാനയിലെ സൂരജ്കുണ്ഡില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന യോഗത്തില്‍ ബംഗാളിലെ ആഭ്യന്തര വകുപ്പ് ചുമതല നിര്‍വ്വഹിക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ ആഭ്യന്തര സെക്രട്ടറി ബി പി ഗോപാലികയെയോ, സംസ്ഥാന ഡിജിപി മനോജ മാളവ്യയെയോ യോഗത്തില്‍ പങ്കെടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്‌. എന്നാല്‍, വ്യാഴാഴ്ച മുതല്‍ നടക്കുന്ന ‘ചിന്തന്‍ ശിവിര്‍’ ദ്വിദിന യോഗത്തില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഹോം ഗാര്‍ഡ് നീരജ് കുമാര്‍ സിങ്ങിനെ പങ്കെടുക്കാന്‍ നിയോഗിക്കുമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

‘ഇത് ഉത്സവ സമയമാണ്, നിരവധി ചടങ്ങുകളില്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. വ്യാഴാഴ്ച ഭായ് ദൂജ് നടക്കും, ഉടന്‍ തന്നെ ‘ഛത് പൂജ’ നടക്കും. മുഖ്യമന്ത്രിക്ക് സംസ്ഥാനം വിടാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ അതേ കാരണത്താല്‍ സെക്രട്ടറിയും ഡിജിപിയും ചിന്തന്‍ ശിവിറില്‍ പങ്കെടുക്കില്ല’- പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആഭ്യന്തര മന്ത്രിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍, ഡിജിപിമാര്‍ തുടങ്ങിയവര്‍ രണ്ടു ദിവസമായി ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. വിഷന്‍ 2047നും, പ്രധാനമന്ത്രി പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞകള്‍ക്കുമുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കുകയാണ് യോഗത്തിലെ പ്രധാന അജണ്ട. സമാപന ദിവസമായ ഒക്ടോബര്‍ 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ എല്ലാ സംസ്ഥാനങ്ങളിലെയും ആഭ്യന്തര മന്ത്രിമാരെ അഭിസംബോധന ചെയ്യും.