ന്യൂഡൽഹി: ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ ഇന്ത്യൻ കറൻസിയിൽ ഉൾപ്പെടുത്തണമെന്നുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ്. ഭരണഘടന ശിൽപിയായ ഭീംറാവു അംബേദ്കറുടെ ഫോട്ടോ എന്തുകൊണ്ട് പുതിയ നോട്ടുകളിൽ നൽകിക്കൂടായെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു.
എന്തുകൊണ്ടാണ് പുതിയ കറൻസി നോട്ടുകളിൽ ഡോ ബാബാസാഹിബ് അംബേദ്കറുടെ ഫോട്ടോ നൽകുന്നില്ല. ഒരു വശത്ത് മഹാത്മാ മറുവശത്ത് ഡോ. അംബേദ്കർ. അഹിംസ, ഭരണഘടനാവാദം, സമത്വവാദം എന്നിവ ഒരു അതുല്യമായ ഇവിടെ സംയോജിക്കുന്നു അത് ആധുനിക ഇന്ത്യൻ പ്രതിഭയെ സമ്പൂർണ്ണമായി സംഗ്രഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പഞ്ചാബ് പിസിസി അദ്ധ്യക്ഷൻ അമരീന്ദ സിംഗ് രാജയും കെജ്രിവാളിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബിജെപിയെ മറികടക്കാൻ കെജ്രിവാൾ ‘ഹിന്ദുത്വ’ രീതി അവലംബിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യൻ കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ രംഗത്തെത്തിയത്. കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളായ ഗണപതി, ലക്ഷ്മീ ദേവി തുടങ്ങിയവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നാണ് അരവിന്ദ് കേജ്രിവാൾ ആവശ്യപ്പെടുന്നത്. ചിത്രങ്ങൾ പതിച്ചാൽ രാജ്യത്തിന് ഐശ്വര്യം വരുമെന്നും അദ്ദേഹം പറയുന്നു.
ഈ ചിത്രങ്ങൾ നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കറൻസികളിൽ ദൈവങ്ങളുടെ ഫോട്ടോ പതിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ദൈവങ്ങൾ കറൻസി നോട്ടുകളിലാണെങ്കിൽ, രാജ്യം മുഴുവൻ അവരുടെ അനുഗ്രഹം നേടും. ലക്ഷ്മി ഐശ്വര്യത്തിന്റെ ദേവതയാണ്, ഗണേശൻ തടസങ്ങൾ അകറ്റുന്ന ദൈവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാണ്. ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും കരകയറുന്നതിനായി നിരവധി നടപടികളുണ്ട്. എന്നാൽ ചിലതെല്ലാം ചെയ്താലും ചിലപ്പോൾ നല്ല ഫലം ഉണ്ടാകില്ല. അതിന് ദൈവാനുഗ്രഹം വേണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

