ന്യൂഡൽഹി: കോൺഗ്രസിൽ പുതിയ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ച് മല്ലികാർജുൻ ഖാർഗെ. നിലവിലെ പ്രവർത്തക സമിതി അംഗങ്ങൾ രാജി വച്ചതിനെ തുടർന്ന് പുതിയ പ്രവർത്തക സമിതി ചുമതലയേക്കും വരെയുള്ള സംവിധാനമായാണ് സ്റ്റിയറിംഗ് കമ്മിറ്റി പ്രവർത്തിക്കുന്നത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരാണ് സ്റ്റിയറിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ. മൻമോഹൻ സിംഗ്, കെ സി വേണുഗോപാൽ, മുതിർന്ന നേതാക്കളായ എ.കെ.ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയവരും കമ്മിറ്റിയിലെ അംഗങ്ങളാണ്. എന്നാൽ, ശശി തരൂർ സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഇടം നേടിയിട്ടില്ല.
ആകെ 47 പേരെയാണ് പുതിയ സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. അഭിഷേക് മനു സിംഗ്വി, അജയ് മാക്കൻ, അംബികാ സോണി, ജയറാം രമേശ്, ജിതേന്ദ്ര സിംഗ്, മുകുൾ വാസ്നിക്, പി ചിദംബരം, രൺദീപ് സുർജെവാല, താരീഖ് അൻവർ, അധീർ രഞ്ജൻ ദാസ് ചൗധരി, ദിഗ്വിജയ് സിംഗ്, മീരാ കുമാർ, പവൻ കുമാർ ബൻസൽ, രാജീവ് ശുക്ല, സൽമാൻ ഖുർഷിദ് തുടങ്ങിയ നേതാക്കളും കമ്മിറ്റിയിലുണ്ട്. അടുത്ത വർഷം നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിലാണ് പുതിയ പ്രവർത്തക സമിതി രൂപീകരിക്കുന്നത്. പ്രവർത്തക സമിതി രൂപീകരിക്കുന്നത് വരെ പാർട്ടിയുടെ നേതൃപരമായ ചുമതല വഹിക്കുക സ്റ്റിയറിംഗ് കമ്മിറ്റിയാകും.

