ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടി; ഗവർണറുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. സർക്കാർ ഗവർണർ പോര് കടുക്കുന്നതിനിടെയാണ് ഗവർണറുടെ വസതിയിൽ സുരക്ഷ വർദ്ധിപ്പിച്ചത്. രാജ്ഭവൻ പരിസരത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. വെള്ളയമ്പലം, കവടിയാർ തുടങ്ങിയ പ്രദേശങ്ങളിൽ വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ഗവർണർക്കെതിരായ സംസ്ഥാനമെങ്ങും പ്രതിഷേധ പരിപാടികൾ നടക്കുന്ന സമയത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുളളത്.

എകെജി സെന്റർ ആക്രമണം പോലുള്ള സംഭവങ്ങൾ ഉണ്ടായാലുള്ള ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാനായാണ് സുരക്ഷ വർദ്ധിപ്പിച്ചു കൊണ്ടുള്ള നടപടി. അതേസമയം, ഗവർണറും സംസ്ഥാന സർക്കാറും തമ്മിലുള്ള പോര് കനക്കുകയാണ്.

തനിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ മന്ത്രി കെ എൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ കഴിഞ്ഞ ദിവസം ഗവർണർ അപ്രീതി രേഖപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകുകയും ചെയ്തിരുന്നു. കെ എൻ ബാലഗോപാൽ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. അദ്ദേഹത്തോടുള്ള പ്രീതി നഷ്ടമായി. കേരളത്തിലെയും ദേശീയ തലത്തിലെയും മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ ചൂണ്ടിക്കാട്ടി ബാലഗോപാലിനെതിരെ കർശന നടപടിയെടുക്കണമെന്നും ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണർ ഓഫീസിന്റെ അന്തസ്സ് ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും ഗവർണർ ആരോപിക്കുന്നു.