എത്രയും പെട്ടെന്ന് ബാലഗോപാലിനെ രാജി വയ്പ്പിക്കുന്നതാണ് പിണറായി വിജയന് അഭികാമ്യം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലഗോപാൽ രാജി വച്ചു പോകേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. എത്രയും പെട്ടെന്ന് ബാലഗോപാലിനെ രാജി വയ്പ്പിക്കുന്നതാണ് പിണറായി വിജയന് അഭികാമ്യമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രശ്‌നം വഷളാക്കി മുന്നോട്ടു കൊണ്ടുപോയാൽ സർക്കാരിന് ഭാവിയിൽ വലിയ തിരിച്ചടി വരാനേ സാദ്ധ്യതയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ എൻ ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ച വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രിമാർ നടത്തിയത്. ഗവർണർക്കെതിരെ തെരുവിൽ പ്രതിഷേധിക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ കഴിയാത്തതിനാലാണെന്നും അദ്ദേഹം വിമർശിച്ചു.

തനിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ മന്ത്രി കെ എൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ കഴിഞ്ഞ ദിവസം ഗവർണർ അപ്രീതി രേഖപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകുകയും ചെയ്തിരുന്നു. കെ എൻ ബാലഗോപാൽ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. അദ്ദേഹത്തോടുള്ള പ്രീതി നഷ്ടമായി. കേരളത്തിലെയും ദേശീയ തലത്തിലെയും മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ ചൂണ്ടിക്കാട്ടി ബാലഗോപാലിനെതിരെ കർശന നടപടിയെടുക്കണമെന്നും ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണർ ഓഫീസിന്റെ അന്തസ്സ് ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും ഗവർണർ ആരോപിക്കുന്നു.