മുംബൈ: സ്ത്രീകളെ ‘ഐറ്റം’ എന്ന് വിളിച്ച് പരിഹസിക്കുന്നതിനെതിരെ മുംബൈയിലെ സ്പെഷ്യൽ കോടതി. ഇത്തരത്തിലുള്ള പരാമർശം ലൈംഗിക അധിക്ഷേപത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി വ്യക്തമാക്കി. സമാന കേസിൽ ബിസിനസുകാരനായ യുവാവിന് ഐപിസി സെക്ഷൻ 354 പ്രകാരം ഒന്നര വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി ഉത്തരവിടുകയും ചെയ്തു. അബ്രാർ ഖാൻ എന്ന യുവാവിനാണ് കോടതി ശിക്ഷ വിധിച്ചത്. ഐറ്റം എന്നത് സ്ത്രീകളെ ആക്ഷേപിക്കുന്നതും മോശമായി ചിത്രീകരിക്കുന്നതുമായ പ്രയോഗമാണ്. ഇത് മനപ്പൂർവ്വം സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമമായേ കാണാനാകൂവെന്ന് കോടതി നിരീക്ഷിച്ചു.
ഇത്തരം കുറ്റകൃത്യങ്ങൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് കോടതി ചൂണ്ടിക്കാട്ടി. അത് പൂവാലൻമാർക്ക് പാഠമാകും. ക്യാ ഐറ്റം, കിദർ ജാ രഹി ഹോ’ എന്ന് ചോദിച്ച് മുടി പിടിച്ചു വലിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കോടതി വിധി. പ്രതിയും സുഹൃത്തുക്കളും പെൺകുട്ടിയെ നിരന്തരം ഉപദ്രവിക്കുന്നതായി പെൺകുട്ടി പരാതി പറഞ്ഞിരുന്നു. തുടർച്ചയായി പിന്തുടരുകയും ‘ഐറ്റം’ എന്ന് പറഞ്ഞ് അപമാനിക്കുന്നതും പതിവായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നെന്നും, ബന്ധം അവളുടെ വീട്ടുകാർക്ക് ഇഷ്ടമല്ലാത്ത സാഹചര്യത്തിൽ കള്ളക്കേസ് കൊടുക്കുകയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എതിർ വാദങ്ങൾ തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു.

