ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ മന്ത്രിസഭയിൽ പരിഷ്ക്കരണങ്ങളുമായി ഋഷി സുനക്. ലിസ് ട്രസ് മന്ത്രിസഭയിലെ നാല് മന്ത്രിമാരോട് ഋഷി സുനക് രാജി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിന് മുന്നോടിയായുള്ള കടുത്ത നടപടികളുടെ ഭാഗമായാണ് നീക്കം. വാണിജ്യ ഊർജ്ജ വിഭാഗം മന്ത്രി ജേക്കബ് റീസ് മോഗ്, നിയമ വകുപ്പ് മന്ത്രി ബ്രാൻഡൻ ലെവിസ്, വികസന മന്ത്രി വിക്കി ഫോർഡ്, തൊഴിൽ പെൻഷൻ മന്ത്രി ക്ലോ സ്മിത് എന്നിവരോടാണ് അദ്ദേഹം രാജി ആവശ്യപ്പെട്ടിട്ടുള്ളത്.
ജേക്കബ് റീസ് മോഗ്, ബ്രാൻഡൻ ലെവിസ്, ക്ലോ സ്മിത് എന്നിവർ ഇതിനോടകം രാജി സമർപ്പിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ബോറിസ് ജോൺസന്റെ ഭരണകാലയളവിൽ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായിരുന്ന ഡൊമിനിക് റാബിന് അതേ സ്ഥാനത്തോടൊപ്പം സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനവും ഋഷി സുനക് നൽകിയിട്ടുണ്ട്. നിലവിലെ ധനമന്ത്രിയായ ജെറെമി ഹണ്ട് നിലവിലെ സ്ഥാനത്ത് തന്നെ തുടരും.
ഇന്ത്യൻ വംശജനായ ഋഷി സുനക് കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. ചരിത്രപരമായ മുഹൂർത്തത്തിനാണ് ഋഷി സുനകിന്റെ സ്ഥാനമേറ്റടുക്കലിലൂടെ ബ്രിട്ടൺ സാക്ഷ്യം വഹിച്ചത്. ബ്രിട്ടന്റെ 57-ാമത് പ്രധാനമന്ത്രിയാണ് ഋഷി സുനക്. ചാൾസ് രാജാവാണ് പരമ്പരാഗത ചടങ്ങിൽ സർക്കാർ രൂപീകരിക്കാൻ ഔദ്യോഗികമായി ഋഷിയെ ക്ഷണിച്ചത്. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് അദ്ദേഹം.
ബക്കിങ്ങാം കൊട്ടാരത്തിന്റെ 1844-ാം മുറിയിൽ വച്ചായിരുന്നു ഋഷി സുനകിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. ചുമതലയേറ്റ ശേഷം അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് സൃഷ്ടിച്ച പ്രകമ്പനങ്ങൾ ഇപ്പോഴും തുടരുകയാണ്. മുൻഗാമിയുടെ തെറ്റുകൾ തിരുത്താനാണ് കൺസർവേറ്റീവ് പാർട്ടിയുടെ നായകനും പ്രധാനമന്ത്രിയുമായി തന്നെ തെരഞ്ഞെടുത്തത്. ഇതിനായുള്ള ജോലികൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
ചാൻസലറായിരിക്കെ ജനങ്ങളെയും വ്യവസായങ്ങളെയും സംരക്ഷിക്കാൻ ചെയ്തത് ഇനിയും തുടരും. ഭാവി തലമുറ കടക്കെണിയിൽ അകപ്പെടാൻ അനുവദിക്കില്ല. വാക്കുകൾ കൊണ്ടല്ലാതെ പ്രവർത്തി കൊണ്ട് രാജ്യത്തെ ഒന്നിപ്പിക്കുകയും ജനങ്ങൾക്കായി രാപ്പകൽ അധ്വാനിക്കുകയും ചെയ്യും. ഉയർന്ന പദവിയിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കും. തന്റെ മന്ത്രിസഭ സത്യസന്ധതയും പ്രഫഷണലിസവും നേടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

