കോൺഗ്രസ് പ്രവർത്തക സമിതി തെരഞ്ഞെടുപ്പ്; ചർച്ചകൾക്ക് ചൂടേറുന്നു, അനുകൂല നിലപാടുമായി രാഹുൽ ഗാന്ധിയും

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് ചൂടേറുന്നു. പുതിയ അധ്യക്ഷൻ തിരഞ്ഞെടുക്കപ്പെട്ടതോടെ മൂന്നുമാസത്തിനകം എഐസിസിയുടെ പ്ലീനറി സമ്മേളനം ചേർന്ന് പ്രവർത്തക സമിതി അംഗങ്ങളെ നിശ്ചയിക്കണം എന്നാണ് കോൺഗ്രസിന്റെ ചട്ടം. 25 വർഷം മുൻപാണ് കോൺഗ്രസിൽ അവസാനമായി പ്രവർത്തകസമിതി തെരഞ്ഞെടുപ്പ് നടന്നത്. പിന്നീട് ഇതുവരെ പ്രവർത്തക സമിതിയിലെ അംഗങ്ങളെ എല്ലാവരെയും കോൺഗ്രസ് അധ്യക്ഷൻ നാമനിർദേശം ചെയ്യുകയായിരുന്നു പതിവ് രീതി. എന്നാൽ ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാൾ അധ്യക്ഷൻ ആയതോടെയാണ് പ്രവർത്തകസമിതി തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമായത്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ശശി തരൂർ ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് നടക്കട്ടെ എന്നാണ് രാഹുൽ ഗാന്ധിയുടെയും നിലപാട്. അതേസമയം പുതിയ കോൺഗ്രസ് അധ്യക്ഷൻ ആയി മല്ലികാർജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും.

പാർലമെന്ററി പാർട്ടി നേതാവായി സോണിയ ഗാന്ധി കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഇടംനേടും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ 11 പേരെ നാമനിർദ്ദേശം ചെയ്യും. അവശേഷിക്കുന്ന 12 സ്ഥാനങ്ങളിലേക്ക് ആണ് മത്സരം നടക്കുക.

എന്നാൽ പ്രവർത്തക സമിതിയിലേക്ക് മത്സരം നടന്നാൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രവർത്തക സമിതിയിലേക്ക് തന്നെ നാമനിർദേശം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ശശി തരൂർ. ഇക്കാര്യം ആവശ്യപ്പെട്ട് ശശി തരൂർ പാർട്ടിയെ സമ്മർദ്ദം ചെലുത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.