ലണ്ടൻ: ഇന്ത്യൻ പാരമ്പര്യത്തെ എപ്പോഴും ഉയർത്തപ്പിടിക്കുന്ന വ്യക്തിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ ഋഷി സുനാക്ക്. ഭഗവത്ഗീതയിൽ തൊട്ടാണ് അദ്ദേഹം പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ പാർലമെന്റേറിയൻ കൂടിയാണ് അദ്ദേഹം.
സമ്മർദ്ദം നിറയുന്ന സാഹചര്യങ്ങളിൽ ഭഗവത്ഗീത തന്റെ രക്ഷക്കെത്താറുണ്ടെന്നും തന്റെ കർത്തവ്യത്തെ കുറിച്ച് ഓർമ്മിപ്പിക്കാറുണ്ടെന്നും നേരത്തെ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഋഷിയുടെ സ്ഥാനക്കയറ്റം തടയാൻ എതിരാളികൾ ചില്ലറ കളിയൊന്നുമല്ല കളിച്ചിട്ടുള്ളത്. അതിന് പലപ്പോഴും ഋഷിയുടെ ഭാര്യ അക്ഷതയെയും അവർ ലക്ഷ്യമിട്ടു. വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു. ഇന്ത്യൻ ഐ ടി വ്യവസായത്തിന്റെ തന്നെ പിതാവെന്ന് വിളിക്കാവുന്ന, എക്കാലത്തേയും 12 വലിയ ബിസിനസ്സുകാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന എൻ ആർ നാരായണ മൂർത്തിയുടെ പുത്രിയാണ് അക്ഷത. ബിസിനസ്സ് രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് അക്ഷത. ബ്രിട്ടനിലെ ഏറ്റവും സമ്പന്നായ വനിതയാണ് ഇവർ. തന്റെ കുടുംബ സ്ഥാപനമായ ഇൻഫോസിസിൽ ഇവർക്കുള്ള ഓഹരികളുടെ മൂല്യം 430 ദശലക്ഷം പൗണ്ടാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ ആകെ സ്വത്തിന്റെ മൂല്യം 350 ദശലക്ഷം പൗണ്ടാണിത്.
അക്ഷത ഡിസൈൻസ് എന്ന പേരിൽ സ്വന്തമായൊരു ഫാഷൻ ബ്രാൻഡും ഇവർക്ക് സ്വന്തമായുണ്ട്. ഋഷിക്കും ഭാര്യയ്ക്കും കൂടി നാല് വീടുകൾ ഉണ്ടെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നത്. കെൻസിങ്ടണിലെ 1 മില്യൺ പൗണ്ടിന്റെ ഫ്ളാറ്റ്, ഋഷിയുടെ നിയോജകമണ്ഡലമായ യോർക്ക്ഷയറിൽ ഉള്ള 7 മില്യൺ പൗണ്ടും 2 മില്യൺ പൗണ്ടും വിലവരുന്ന രണ്ട് ആഡംബര വസതികൾ എന്നിവ ഉൾപ്പടെയാണിത്. അതിനുപുറമെ ഇവർക്ക് കാലിഫോർണിയയിൽ 5.5 മില്യൺ പൗണ്ട് വിലവരുന്ന ഒരു പെന്റ്ഹൗസും ഉണ്ട്.
കെൻസിങ്ടണിലുള്ള അഞ്ച് കിടപ്പുമുറികളുള്ള വീടാണ് ഇവരുടെ പ്രധാന വീടായി പറയുന്നത്. വളരെ പ്രധാനപ്പെട്ട ഒരു ഭാഗത്താണ് കെൻസിങ്ടണിലെ ഋഷിയുടെ വീട് സ്ഥിതിചെയ്യുന്നത്. നാലു നിലകളുള്ള വീടാണിത്.
ഇൻഫോസിസിനു പുറമെ മൗറീഷ്യസ് ആസ്ഥാനമാക്കിയുള്ള ഒരു അന്താരാഷ്ട്ര നിക്ഷേപ കമ്പനിയും ഇവർക്കുണ്ട്. ഇവിടെ ജീവനക്കാർ ഒന്നുമില്ലെന്നും, ഇന്ത്യയിൽ നികുതി വെട്ടിക്കാനായിട്ടാണ് ഇത്തരമൊരു കമ്പനി രൂപീകരിച്ചിട്ടുള്ളതെന്നാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഋഷി സുനാക്. മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡന്റിന് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറേണ്ടി വന്നതോടെയാണ് പ്രധാനമന്ത്രി പദവിയിലേക്ക് ഋഷി സുനാക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 357 കൺസർവേറ്റീവ് എംപിമാരിൽ പകുതിയിൽ ഏറെപ്പേരുടെയും പിന്തുണ ഋഷി സുനാകിനായിരുന്നു.
ഋഷി സുനാക്കിന്റെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത് പഞ്ചാബിൽ നിന്നാണ്. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു ഋഷി സുനാക്.

