കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങൾക്കും ജനദ്രോഹത്തിനുമെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്ക്കരിക്കുമെന്ന് കെ പി സി സി സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. കെ പി സി സി യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ജനദ്രോഹ ഭരണത്തിനെതിരെ കോൺഗ്രസ് സെക്രട്ടേറിയറ്റ് വളയുന്നതടക്കമുള്ള 3 ഘട്ട പ്രക്ഷോഭ പരിപാടികളാണ് നടത്തുകയെന്ന് കെ പി സി സി ഭാരവാഹി യോഗത്തിൽ തീരുമാനിച്ചു. വാർത്താ സമ്മേളനത്തിലാണ് കെ സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് മാസത്തേക്കുള്ള പാർട്ടി പരിപാടികൾക്കും പ്രക്ഷോഭ പരിപാടികൾക്കുമാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുള്ളത്. സമര പരമ്പരകളുടെ ആദ്യഘട്ടമായി നവംബർ 3 ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റിലും കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. പിണറായി ഭരണത്തിനെതിരെ പൗര വിചാരണ’ എന്ന പേരിലാണ് തുടർ പ്രതിഷേധം ശക്തമാകുന്നത്. സർക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വാഹന പ്രചാരണ ജാഥകൾ നവംബർ 20 മുതൽ 30 വരെയുള്ള തീയതികളിൽ സംഘടിപ്പിക്കും.
ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ അനുസ്മരണം സംഘടിപ്പിക്കുകയും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ‘ഭാരത് ജോഡോ പ്രതിജ്ഞ’ ചൊല്ലി പൊതുപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.

