നാല് മാധ്യമങ്ങളെ വാർത്താസമ്മേളത്തിൽ പങ്കെടുപ്പിച്ചില്ല; വിമർശനം ശക്തമായപ്പോൾ വിശദീകരണവുമായി ഗവർണർ

തിരുവനന്തപുരം: ഗവർണർ നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തിൽ നാല് മാധ്യമങ്ങളെ പങ്കെടുപ്പിച്ചില്ല. കൈരളി, ജയ്ഹിന്ദ്, റിപ്പോർട്ടർ, മീഡിയ വൺ എന്നീ മാധ്യമങ്ങളെയാണ് ഗവർണറുടെ വാർത്താസമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയത്. അനുമതി ചോദിച്ചിട്ടും രാജ്ഭവൻ പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.

രാജ് ഭവനുമായി ബന്ധപ്പെട്ട് തെറ്റായ രീതിയിൽ ചില മാധ്യമങ്ങൾ വാർത്ത നൽകുകയുണ്ടായെന്ന് ഗവർണർ പറഞ്ഞു. രാജ് ഭവൻ പിആർഒ ആവശ്യപ്പെട്ടിട്ടും തിരുത്താൻ അവർ തയ്യാറായില്ലെന്നും അതുകൊണ്ടാണ് അത്തരം മാധ്യമങ്ങളെ വാർത്താ സമ്മേളനത്തിൽ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും ഗവർണർ വിശദമാക്കി. പാർട്ടി കേഡറുകളെ താൻ വാർത്താ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനുദ്ദേശിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. ചില വിഷയങ്ങളിൽ വിശദീകരണം നൽകാനാണ് വാർത്താ സമ്മേളനം വിളിച്ചത്. എന്നാൽ താൻ പറയുന്നതിനെ ചില മാധ്യമങ്ങൾ വളച്ചൊടിക്കുന്നുണ്ടെന്നും ഗവർണർ കുറ്റപ്പെടുത്തി.

അതേസമയം, നാല് മാധ്യമങ്ങൾക്ക് മാത്രം പ്രവേശനം നിഷേധിച്ചത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. ഗവർണറുടെ കസേരയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത് ശരിയല്ല. എല്ലാവരെയും ഒരു പോലെ കാണണമെന്നും അദ്ദേഹം അറിയിച്ചു.