തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ നിലപാട് സ്വാഗതം ചെയ്ത് മുൻമന്ത്രി കെ ടി ജലീൽ. ഗവർണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമെന്ന് കെ ടി ജലീൽ പറഞ്ഞു. തലയിൽ ആൾപ്പാർപ്പില്ലാത്ത കോൺഗ്രസ് നിലപാട് ജനം പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗവർണ്ണറുടേത് കൈവിട്ട കളിയാണ്. ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനെ കണ്ടശേഷമാണ് പ്രകടമായ ഭാവമാറ്റം അദ്ദേഹത്തിൽ കണ്ടു തുടങ്ങിയത്. സർവകലാശാലകളുടെ തലപ്പത്ത് ആർഎസ്എസ് അനുകൂലികളെ അവരോധിക്കാനാണ് ഈ നീക്കം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവി പുതപ്പിച്ച് പീതവൽക്കരിക്കാനുള്ള ശ്രമം എന്തുവില കൊടുത്തും ജനാധിപത്യ മാർഗ്ഗേണ പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ്സിന് ആർഎസ്എസ് വത്ക്കരണത്തിൽ ശങ്കയില്ലാത്തത് സ്വാഭാവികം. അവർക്ക് ഹെഡ്ഗേവാറും ഗോൾവാൾക്കറും സവർക്കറും സ്വീകാര്യരാകുന്നതിൽ അത്ഭുതമില്ല. കോൺഗ്രസ്സിന്റെ ‘ഭാരത് ജോഡോ യാത്ര’ ബാനറുകളിൽ സവർക്കർ ഇടം നേടിയത് യാദൃശ്ചികമല്ല. തീവ്ര ഹിന്ദുത്വത്തിന്റെ വക്താക്കളാകാൻ കോൺഗ്രസ്, ബിജെപിയോട് മത്സരിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ ആ നിലക്ക് കണ്ടാൽ മതി. ഗവർണ്ണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമാണെന്നും തലയിൽ ആൾപ്പാർപ്പില്ലാത്ത കോൺഗ്രസ്സ് നിലപാട് ജനം പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഗവർണ്ണറുടേത് കൈവിട്ട കളിയാണ്. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെ കണ്ടശേഷമാണ് പ്രകടമായ ഭാവമാറ്റം അദ്ദേഹത്തിൽ കണ്ടു തുടങ്ങിയത്. സർവകലാശാലകളുടെ തലപ്പത്ത് ആർ.എസ്.എസ് അനുകൂലികളെ അവരോധിക്കാനാണ് ഈ നീക്കം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവി പുതപ്പിച്ച് പീതവൽക്കരിക്കാനുള്ള ശ്രമം എന്തുവില കൊടുത്തും ജനാധിപത്യ മാർഗ്ഗേണ പ്രതിരോധിക്കണം.
കോൺഗ്രസ്സിന് ആർ.എസ്.എസ് വൽക്കരണത്തിൽ ശങ്കയില്ലാത്തത് സ്വാഭാവികം. അവർക്ക് ഹെഡ്ഗേവാറും ഗോൾവാൾക്കറും സവർക്കറും സ്വീകാര്യരാകുന്നതിൽ അൽഭുതമില്ല. കോൺഗ്രസ്സിന്റെ ‘ഭാരത് ജോഡോ യാത്ര’ ബാനറുകളിൽ സവർക്കർ ഇടം നേടിയത് യാദൃശ്ചികമല്ല. തീവ്ര ഹിന്ദുത്വത്തിന്റെ വക്താക്കളാകാൻ കോൺഗ്രസ്സ്, ബി.ജെ.പിയോട് മൽസരിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ ആ നിലക്ക് കണ്ടാൽ മതി.
ഗവർണ്ണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമാണ്. തലയിൽ ആൾപ്പാർപ്പില്ലാത്ത കോൺഗ്രസ്സ് നിലപാട് ജനം പുച്ഛിച്ച് തള്ളും.

