സുപ്രീംകോടതി വിധി വന്ന ശേഷവും പദവിയില്‍ തുടരുന്നത് തെറ്റല്ലേ?: ഹൈക്കോടതി

കൊച്ചി: ഗവര്‍ണര്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ടതിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെ കേരള സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് മറ്റ് സര്‍വകലാശാലകള്‍ക്കും ബാധകമാണെന്നാണ് മനസിലാവുന്നതെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘വിസിമാരുടെ നിയമനത്തില്‍ യുജിസി ചട്ടം ബാധകമാണ്. നിയമനത്തില്‍ ക്രമക്കേട് ഉണ്ടെങ്കില്‍ എന്ത് ചെയ്യും? സുപ്രീംകോടതിയുടെ വിധി വന്നശേഷവും പദവിയില്‍ തുടരുന്നത് തെറ്റല്ലേ? വിസിമാരെ നിയമിച്ചിരിക്കുന്നത് ചാന്‍സലറാണ്. നിയമനാധികാരി ചാന്‍സലര്‍ തന്നെയാണ്’- കോടതി വ്യക്തമാക്കി.

അതേസമയം, തന്റെ നിയമനം നേരത്തെ ഹൈക്കോടതി ശരിവെച്ചതാണെന്ന് കണ്ണൂര്‍ വി.സിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സുപ്രീംകോടതിയുടെ പുതിയ വിധിയുടെ അടിസ്ഥാനത്തിലല്ലേ ചാന്‍സലറുടെ നടപടിയെന്നും, യോഗ്യതയില്ലാതെ സ്ഥാനത്ത് തുടര്‍ന്നത് തെറ്റായ സന്ദേശമല്ലേ നല്‍കുന്നതെന്നും കോടതി തിരിച്ചു ചോദിച്ചു.