ഗവർണർ അനാഥനല്ല; ജനങ്ങൾ എല്ലാം കാണുന്നുണ്ട്, ഭീഷണി വേണ്ടെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരള സാങ്കേതിക സർവകലാശാല വിസി നിയമനത്തിലെ സുപ്രീം കോടതി വിധി അന്തിമമാണെന്നും സുരേന്ദ്രൻ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ചാൻസലറുടെ അധികാരത്തിൽ കടന്നുകയറുന്നത്. മുഖ്യമന്ത്രിയുടേത് വസ്തുതാ വിരുദ്ധമായ വാദമാണ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഗവർണർക്ക് എതിരെ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു. സിപിഎമ്മുകാരെ ഇറക്കി ഗവർണറെ നേരിടാനാണ് ശ്രമമെങ്കിൽ, രാജ്ഭവനും ക്ലിഫ് ഹൗസും ദൂരെയല്ലെന്ന് ഓർക്കണം. തിരിച്ചും പ്രതിരോധിക്കുമെന്നും ശക്തമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗവർണർ അനാഥനല്ല. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. അതുകൊണ്ട് ഭീഷണി വേണ്ട. അധികാരം രാജഭരണമല്ലെന്നും ഇനി മൂന്ന് കൊല്ലമേയുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കെടിയു വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണ്. അത് നടപ്പിലാക്കാനാണ് ഗവർണർ ചാൻസലർ സ്ഥാനത്ത് ഇരിക്കുന്നത്. ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുകയാണ് വേണ്ടത്. ഇത്തരം വിഷയങ്ങളിൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്നത് വെല്ലുവിളിയാണ്. പാർട്ടി സെക്രട്ടറിയെ പോലെയല്ല മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ഇരിക്കുന്ന കസേരയുടെ പദവി അറിയാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. അധാർമ്മികമായ കാര്യങ്ങൾ നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. സ്വർണക്കള്ളക്കടത്തും അനധികൃത നിയമനങ്ങളും നടന്നു. ഉന്നത വിദ്യാഭ്യാസം തകർക്കുന്നത് പാർട്ടിയും സർക്കാരുമാണ്. മന്ത്രിമാർ ഭരണത്തലവനെ അവഹേളിക്കുകയാണ്. അതിലെന്ത് ധാർമ്മികതയാണ് ഉള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുകയാണ് സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.