ഉന്നത വിദ്യാഭ്യസ മേഖലയിൽ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമം; ഗവർണർക്കെതിരെ ആർ ബിന്ദു

തൃശ്ശൂർ: സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഗവർണറുടെ നടപടി ഏകപക്ഷീയമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യസ മേഖലയിൽ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതാണ് ഈ നടപടി. സർവകലാശാലകളെ അനാഥമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. ഇപ്പോൾ പറയുന്ന കാര്യത്തിന് ഗവർണർ നാളെ തന്നെയും പുറത്താക്കിയേക്കുമെന്നും പക്ഷെ ഇത് പറയാതിരിക്കാൻ കഴിയില്ലെന്നും ബിന്ദു ചൂണ്ടിക്കാട്ടി.

ഗവണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ കൂച്ച് വിലങ്ങു ഇടാനുള്ള തീരുമാനമാണ്. ഏതെങ്കിലും ഗവർണർമാരുടെ ഭാഗത്തു നിന്നും നാളിതുവരെ ഇങ്ങനെ ഉണ്ടായിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. കേരളത്തിലെ സർവകലാശാലകൾ ഫാസിസ്റ്റ് ശക്തികൾ കയ്യടക്കാൻ പോകുന്നുവെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ബിന്ദു അറിയിച്ചു.

9 സർവ്വകലാശാലകളിലെ വിസിമാരോട് തിങ്കളാഴ്ച്ച തന്നെ രാജി സമർപ്പിക്കണമെന്നാണ് ഗവർണർ നൽകിയിരിക്കുന്ന നിർദ്ദേശം. കേരള സർവ്വകലാശാല, എംജി സർവ്വകലാശാല, കൊച്ചി സർവ്വകലാശാല, ഫിഷറീസ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, സാങ്കേതിക സർവ്വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, മലയാളം സർവ്വകലാശാല തുടങ്ങിയവിടങ്ങളിലെ വൈസ് ചാൻസർമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.