ആരും രാജിവെച്ചില്ല; ഗവർണറുടെ അന്ത്യശാസനം തള്ളി വൈസ് ചാൻസലർമാർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദിന്റെ അന്ത്യശാസനം തള്ളി വൈസ് ചാൻസലർമാർ. രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനമാണ് വൈസ് ചാൻസലർമാർ തള്ളിയത്. തിങ്കളാഴ്ച്ച രാവിലെ 11.30-ന് ഉള്ളിൽ രാജിവയ്ക്കണമെന്നായിരുന്നു സംസ്ഥാനത്തെ ഒമ്പത് വി.സിമാർക്കും ഗവർണർ നൽകിയ നിർദേശം. എന്നാൽ ഈ സമയപരിധിക്കുള്ളിൽ 9 വിസിമാരും രാജി സമർപ്പിച്ചിട്ടില്ല. അതേസമയം, ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് വി.സിമാർ ഹൈക്കോടതിയിൽ ഹർജി നൽകിുകയും ചെയ്തിട്ടുണ്ട്.

അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടിയതിന് പിന്നാലെയാണ് വൈസ് ചാൻസലർമാർ ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് വൈകീട്ട് നാല് മണിക്ക് സർവകലാശാല കേസുകൾ പരിഗണിക്കുന്ന പ്രത്യേക ഹൈക്കോടതി ബെഞ്ചാണ് ഹർജി പരിഗണിക്കും.

കേരള സർവ്വകലാശാല, എംജി സർവ്വകലാശാല, കൊച്ചി സർവ്വകലാശാല, ഫിഷറീസ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, സാങ്കേതിക സർവ്വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, മലയാളം സർവ്വകലാശാല തുടങ്ങിയവിടങ്ങളിലെ വൈസ് ചാൻസർമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ നിർദ്ദേശം.