ബ്രിട്ടനില് അധികാരത്തില് തിരിച്ചെത്താനുള്ള ശ്രമത്തില് നിന്ന് ബോറിസ് ജോണ്സണ് പിന്മാറിയതോടെ ഇന്ത്യന് വംശജനായ ഋഷി സുനകിന് സാധ്യതയേറി. 140ല് ഏറെ എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിന് നിലവില് ഉള്ളത്.
അതേസമയം, പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസ് 44 ദിവസം മാത്രം നീണ്ടു നിന്ന ഭരണത്തിന് ശേഷം രാജിവെച്ചതോടെ ഋഷിക്ക് വീണ്ടും സാധ്യതയേറുകയായിരുന്നു. ‘ഞങ്ങളുടെ പ്രശ്നങ്ങള് പരിഹരിക്കാന് സഹായിക്കാനുള്ള അവസരമാണ് ഞാന് നിങ്ങളോട് ആവശ്യപ്പെടുന്നത്’- എന്നാണ് ഋഷി സുനക് പറഞ്ഞത്. നികുതി പരിഷ്ക്കാരത്തെ തുടര്ന്നാണ് ലിസ് ട്രസിന് സ്ഥാനമൊഴിയേണ്ടിവന്നത്. പെന്നി മോര്ഡൗണ്ടാണ് ഋഷി സുനകിന്റെ ഇപ്പോഴത്തെ എതിരാളി. എന്നാല്, ഋഷിക്ക് ലഭിക്കുന്നത്ര പിന്തുണ പെന്നിക്ക് ഇല്ല.
മുന് ചാന്സലര് കൂടിയാണ് 42കാരനായ ഋഷി സുനക്. സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ചപ്പോള് ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥ ശരിയാക്കാനും പാര്ട്ടിയെ ഒന്നിപ്പിക്കാനും രാജ്യത്തെ മുന്നോട്ട് നയിക്കാനും ആഗ്രഹിക്കുന്നുവെന്ന് ഋഷി സുനക് നേരത്തെ പറഞ്ഞിരുന്നു.

