വിഴിഞ്ഞം സമരം ശക്തമായി തുടരുമെന്ന് ലത്തീൻ അതിരൂപത; ഒക്ടോബർ 27ന് മുതലപ്പൊഴിയിൽ സമരം സംഘടിപ്പിക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമരം ശക്തമായി തുടരുമെന്ന് ലത്തീൻ അതിരൂപത. ഈ മാസം 27ന് മുതലപ്പൊഴിയിൽ കടലിലും കരയിലും സമരം സംഘടിപ്പിക്കാനാണ് ലത്തീൻ അതിരൂപത പദ്ധതിയിടുന്നത്. സമരത്തിന്റെ 100-ാം ദിവസമാണ് ഒക്ടോബർ 27. തീരദേശ നിവാസികൾ ദിവസങ്ങളായി സമരത്തിലാണെങ്കിലും ഇതുവരെയും യാതൊരുവിധ തീരുമാനങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് ലത്തീൻ അതിരൂപത വ്യക്തമാക്കി.

ഒക്ടോബർ 17-ാം തിയതി നടത്തിയ ഉപരോധ പരിപാടികൾ വിജയിപ്പിക്കാൻ എല്ലാവരും പരിശ്രമിച്ചു. ഒക്ടോബർ 27-ാം തീയതിയാണ് സമരം 100-ാം ദിവസമാകുന്നത്. അന്നേദിവസം അഞ്ചുതെങ്ങ് പുതുക്കുറിച്ചി ഫെറോനകളെയും മറ്റുള്ള ജനവിഭാഗങ്ങളെയും സഹകരിപ്പിച്ചുകൊണ്ട് മുതലപ്പൊഴിയിൽ കടലിലും കരയിലും സമരം സംഘടിപ്പിക്കുമെന്ന് ലത്തീൻ അതിരൂപത വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. വലിയതുറ, കോവളം, പുല്ലുവിള ഫെറോനകൾ മുള്ളൂർ കേന്ദ്രീകരിച്ച് കര സമരവും നടത്തും. വലിയ ഇടവകകളിൽ നിന്ന് 250-ൽ കുറയാത്ത അംഗങ്ങളും ചെറിയ ഇടവകകളിൽ നിന്ന് 100ൽ കുറയാത്ത അംഗങ്ങളും പങ്കെടുക്കുമെന്നും ലത്തീൻ അതിരൂപത വിശദീകരിച്ചു.