കേരളത്തില്‍ എല്ലായിടത്തും പൊലീസ് അതിക്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. ‘ജില്ലാ പൊലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഐഎമ്മാണ്. കേരളം തെക്ക് വടക്ക് ഗുണ്ടാ കോറിഡോറായി മാറി. ഗുണ്ടാ-ലഹരിമരുന്ന് ആക്രമണങ്ങളാണ് കേരളത്തില്‍ നടക്കുന്നത്’- അദ്ദേഹം വ്യക്തമാക്കി.
സിപിഐഎം നേതാക്കള്‍ക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ സിപിഐഎം മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ട്. സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതും ദുരൂഹമാണ്. ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചത്. ഇതില്‍ അന്വേഷണം നടന്നേ മതിയാകൂ എന്നും സതീശന് ചൂണ്ടിക്കാട്ടി.
അതേസമയം, ‘എല്‍ദോസ് കുന്നപ്പിളളിയുടെ കാര്യത്തില്‍ കെപിസിസി വിശദീകരണം തേടിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടും ജാഗ്രതക്കുറവ് വിലയിരുത്തി നടപടി എടുത്തു. ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന്റെ പേരില്‍ നടപടി ഒഴിവാക്കാമായിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ എല്ലാവരും പാലിക്കണം’- പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

