ഉത്തരാഖണ്ഡിലെത്തിയ പ്രധാനമന്ത്രി രാത്രി തങ്ങിയത് ജീവനക്കാരുടെ താല്‍ക്കാലിക ഷെഡില്‍; കഴിച്ചത് തൊഴിലാളി തയ്യാറാക്കിയ ആഹാരം

ഡറാഡൂണ്‍: ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 11,300 അടി ഉയരത്തിലുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ജീവനക്കാര്‍ തങ്ങുന്ന താല്‍ക്കാലിക ഷെഡിലാണ് ഒരു രാത്രി തങ്ങിയത്. ജീവനക്കാര്‍ക്കായി ആഹാരം പാചകം ചെയ്യുന്ന തൊഴിലാളി തയ്യാറാക്കിയ ആഹാരമാണ് മോദി കഴിച്ചത്. ഇവിടേയ്ക്ക് പ്രത്യേത ആഹാരവും കൊണ്ടുവരാന്‍ അദ്ദേഹം സമ്മതിച്ചില്ല.

ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണുള്ളത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ താമസസ്ഥലം ഒരുക്കാന്‍ കുറച്ച് സമയം മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇവിടെ എത്തിയ മോദി റോഡ് നിര്‍മാണ തൊഴിലാളികളുമായി ആശയവിനിമയം നടത്തിയതിന് ശേഷമാണ് രാത്രി അവിടെ തങ്ങാന്‍ തീരുമാനിച്ചത്. ഇതിനിടയില്‍ പാചക തൊഴിലാളിയോട് തനിക്ക് ഏറെ പ്രിയപ്പെട്ട ഖിച്ഡി പാകം ചെയ്യാന്‍ ആവശ്യപ്പെട്ടു. താത്കാലിക പാചകക്കാരന്‍ പ്രധാനമന്ത്രിക്ക്വേണ്ടി ഖിച്ഡി, പോഹ, മീത കരേല, ജാഗോര്‍ കി ഖീര്‍ എന്നീ വിഭവങ്ങള്‍ തയ്യാറാക്കി.

അതേസമയം, പ്രധാനമന്ത്രി തങ്ങളുടെ താത്ക്കാലിക കൂടാരത്തില്‍ വരുമെന്നും, അവിടെ ഒരു രാത്രി താമസിക്കും എന്നും പറഞ്ഞപ്പോള്‍ സ്തംഭിച്ചു പോയെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റാങ്കിലുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഭരണകൂടം ബദരീനാഥില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും, പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫും തൊഴിലാളികള്‍ക്കൊപ്പം താമസിച്ചതായും ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ജീവനക്കാരന്‍ പറഞ്ഞു. ജീവനക്കാരോടൊത്ത് താമസിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് അറിയിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. ദേവേന്ദ്ര, രാജേഷ്, അനിതേഷ് കുമാര്‍, സുരേഷ് സൈനി എന്നിവരുടെ പാചകത്തെയും സേവനത്തേയും അദ്ദേഹം പുകഴ്ത്താനും മറന്നില്ല.