അടിമുടി മാറും! ദേശീയപാതാ വികസനത്തില്‍ വരുന്നത് വമ്പന്‍ പദ്ധതികള്‍

ആലപ്പുഴ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ജില്ലയിലെ തോട്ടപ്പള്ളിപ്പാലവും മറ്റു ചെറിയ പാലങ്ങളും വീതികൂട്ടുന്നതിനു പുറമേ 8 മേല്‍പാലങ്ങളും പുതിയതായി ഉണ്ടാകും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മരംമുറിക്കലും ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടം പൊളിക്കലും അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. ആലപ്പുഴയിലെ തുറവൂര്‍ മുതല്‍ കൃഷ്ണപുരം വരെയാണ് ദേശീയപാത കടന്നുപോകുന്നത്. തുറവൂര്‍ – പറവൂര്‍, പറവൂര്‍ – കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര – കൃഷ്ണപുരം എന്നിങ്ങനെ 3 സോണുകളായി തിരിച്ചാണ് നിര്‍മാണം. തുറവൂര്‍, ചേര്‍ത്തല എക്‌സ്‌റേ ജംക്ഷന്‍, മാരാരിക്കുളം, അമ്പലപ്പുഴ ജംക്ഷന്‍, ഹരിപ്പാട് ജംക്ഷന്‍, നങ്ങ്യാര്‍കുളങ്ങര ജംക്ഷന്‍, ചേപ്പാട്, കായംകുളം ബസ് സ്റ്റാന്‍ഡിന് സമീപം എന്നിവിടങ്ങളില്‍ മേല്‍പ്പാലവും, വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ അടിപ്പാതയും നിര്‍മിക്കും

അതേസമയം, ആലപ്പുഴ ബീച്ചിനു സമാന്തരമായി ബൈപാസും പദ്ധതിയിലുണ്ട്. കാക്കാഴം റെയില്‍വേ മേല്‍പാലത്തിനു സമാന്തരമായി മേല്‍പാലം പണിയും. തോട്ടപ്പള്ളിയില്‍ പഴയപാലം നിലനിര്‍ത്തി സമാന്തരമായി ആറുവരിയില്‍ പുതിയ പാലമാകും നിര്‍മിക്കുക. സ്പില്‍വേയും ഷട്ടറും പഴയപാലത്തില്‍ തന്നെ നിലനിര്‍ത്തും. തോട്ടപ്പള്ളിപ്പാലത്തിനു തെക്ക് ടിഎസ് കനാലിനു കുറുകെ ആറുവരിയില്‍ പുതിയ പാലം നിര്‍മിക്കും. കരുവാറ്റ കന്നുകാലിപ്പാലത്തിനു സമാന്തരപാലമാണു നിര്‍മിക്കുന്നത്. ഡാണാപ്പടി പാലത്തിന്റെ വീതികൂട്ടാനും പദ്ധതിയുണ്ട്. കാമ്മാടി ജംക്ഷനെയും കളര്‍കോട് ജംക്ഷനെയും ബന്ധിപ്പിക്കുന്നതാണ് ആലപ്പുഴ ബൈപാസ്.

എന്നാല്‍, ദേശീയപാതക്കായി ഏറ്റെടുത്ത സ്ഥലത്തുനിന്ന് 930 കെട്ടിടങ്ങളാണ് ഇനി പൊളിച്ചുമാറ്റാനുള്ളത്. ആരാധനാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്. തുറവൂര്‍-പറവൂര്‍ ഭാഗത്ത് 408 കെട്ടിടങ്ങളും പറവൂര്‍-കൊറ്റുകുളങ്ങര ഭാഗത്ത് 502 കെട്ടിടങ്ങളുമാണു പൊളിക്കാനുള്ളത്. കൊറ്റുകുളങ്ങര മുതല്‍ കൃഷ്ണപുരം വരെയുള്ള ഭാഗത്ത് 20 കെട്ടിടങ്ങളും. അതേസമയം, 70,000 മരങ്ങള്‍ മുറിക്കേണ്ടി വരുമെന്നാണു വിലയിരുത്തല്‍.