14 വർഷമല്ലേ ശിക്ഷ: 39 വയസിൽ താൻ പുറത്തിറങ്ങുമെന്ന് വിഷ്ണുപ്രിയയുടെ കൊലയാളി ശ്യാംജിത്ത്

കണ്ണൂർ: പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകൾ പുറത്ത്. കൊലപാതകവുമായി ബന്ധപ്പെട്ട് പല നിർണായക വിവരങ്ങളും പ്രതിയായ ശ്യാംജിത്ത് പോലീസിനോട് സമ്മതിച്ചു. വിഷ്ണുപ്രിയയുടെ തല അറുത്തെടുക്കാനും പദ്ധതിയിട്ടിരുന്നതായി പ്രതി പോലീസിനോട് സമ്മതിച്ചു. താൻ 14 വർഷം കൊണ്ട് പുറത്തിറങ്ങുമെന്നും പ്രതി പറയുന്നു.

തനിക്കിപ്പോൾ 25 വയസേയുള്ളൂ, 14 വർഷമല്ലേ ശിക്ഷ. അത് ഗൂഗിളിൽ താൻ കണ്ടിട്ടുണ്ട്. 39 വയസിൽ താൻ പുറത്തിറങ്ങും. തനിക്കൊന്നും നഷ്ടപ്പെടാനില്ലെന്നാണ് ശ്യാംജിത്ത് പറയുന്നത്. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശേഷം യാതൊരു കൂസലുമില്ലാതെയാണ് താൻ കൊണ്ടുവന്ന ആയുധങ്ങളും മറ്റ് സാധനങ്ങളും ബാഗിലാക്കി പ്രതി തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്.

വിഷ്ണുപ്രിയയുടെ തല അറുത്തെടുത്ത് പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കാണിച്ച് അയാളെയും കൊല ചെയ്യാനായിരുന്നു ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നത്. തല അറുത്തെടുക്കാനായി ഓൺലൈൻ വഴി ചെറിയ വുഡ് കട്ടറും പ്രതി വാങ്ങിയിരുന്നു. എന്നാൽ അതിന്റെ ബ്ലേഡ് പ്രവർത്തിക്കാതെ വന്നതോടെ പ്രതി ഇരുമ്പിന്റെ ചെറിയ ഉളി വാങ്ങി. ഇതുകൊണ്ട് കുത്തി എല്ലുകൾ പൊട്ടിച്ച ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുക്കാനും പ്രതി പദ്ധതിയിട്ടിരുന്നു. എന്നാൽ കഴുത്ത് വേർപെടുത്താൻ പറ്റാതായതോടെ ശ്രമം ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.