മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മുസ്ലീം ലീഗ്. ഒമ്പത് സർവകലാശാല വിസിമാർ തിങ്കളാഴ്ച്ച രാജിവെക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശത്തിനെതിരെയാണ് മുസ്ലീം ലീഗ് രംഗത്തെത്തിയത്. ഗവർണറുടെ നടപടി അതിരുകടന്നതാണെന്നും പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ലീഗ് വ്യക്തമാക്കി.
ഒരു വി.സിയുടെ നിയമനത്തിലാണ് സുപ്രീം കോടതി വിധി എന്നിരിക്കെ മറ്റുള്ളവരുടെ കൂടി രാജി ആവശ്യപ്പെടുന്നതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യണ്ട്. അതേസമയം സുപ്രീം കോടതി വിധിയിലേക്ക് നയിച്ച സാഹചര്യം സർക്കാർ ഗൗരവമായി കാണേണ്ടതാണെന്നും ലീഗ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഗവർണ്ണർ സ്വീകരിക്കുന്ന അസാധാരണ നീക്കത്തിന് പിന്നിലെ രാഷ്ട്രീയ അജണ്ട സംശയം ഉളവാക്കുന്നുണ്ടെന്നും ലീഗ് ആരോപിക്കുന്നു.
9 സർവ്വകലാശാലകളിലെ വിസിമാരോട് തിങ്കളാഴ്ച്ച തന്നെ രാജി സമർപ്പിക്കണമെന്നാണ് ഗവർണർ നൽകിയിരിക്കുന്ന നിർദ്ദേശം. കേരള സർവ്വകലാശാല, എംജി സർവ്വകലാശാല, കൊച്ചി സർവ്വകലാശാല, ഫിഷറീസ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, സാങ്കേതിക സർവ്വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, മലയാളം സർവ്വകലാശാല തുടങ്ങിയവിടങ്ങളിലെ വൈസ് ചാൻസർമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

