തലശേരി ആശുപത്രിയിലെ കൈക്കൂലി: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തലശേരി ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽമേൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയക്ടർ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ ചികിത്സക്കെത്തുന്നവരിൽ നിന്ന് കൈക്കൂലി ഈടാക്കുന്നുവെന്ന പരാതിയുമായി യുവാവ് രംഗത്തെത്തിയത്. തന്റെ ഭാര്യയുടെ പ്രസവത്തിനായി ഗൈനക്കോളജിസ്റ്റിന് 2000 രൂപയും അനസ്‌തേഷ്യ ഡോക്ടർക്ക് 3000 രൂപയും കൊടുക്കേണ്ടി വന്നുവെന്നായിരുന്നു തലശ്ശേരി സ്വദേശിയായ യുവാവ് നൽകിയ പരാതി.

ചികിത്സയ്ക്ക് എത്തുന്ന എല്ലാവരിൽ നിന്നും പണം വാങ്ങുന്നുണ്ടെന്നും രോഗികളുടെ ജീവനെ കുറിച്ച് ആലോചിച്ച് ആരും പരാതിപ്പെടാറില്ലെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് യുവാവ് ഉന്നയിച്ചത്.