മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ല; ഗവർണർ

കൊച്ചി: മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൃപ്തി പിൻവലിക്കൽ എന്നാൽ മന്ത്രിയെ പിൻവലിക്കൽ അല്ലെന്ന് ഗവർണർ വ്യക്തമാക്കി. കൊച്ചിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കും എന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ ഭാഷയിൽ ഭരണഘടനക്കെതിരെ സംസാരിക്കുന്നവർ വരെ കേരളത്തിലുണ്ട്. എല്ലാ മന്ത്രിമാരും മുഴുവൻ സമയ പാർട്ടി പ്രവർത്തകരെയാണ് സർക്കാർ ശമ്പളത്തിൽ വെക്കുന്നത്. തന്റെ പ്രവർത്തികൾ വിലയിരുത്താൻ നിയമ മന്ത്രി ആരാണെന്നും ഗവർണർ ചോദിച്ചു.

വിസി നിയമനം നടത്താൻ ആർക്കാണ് അർഹതയെന്നും ആർക്കാണ് അർഹതയില്ലാത്തതെന്നും സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. യുജിസി മാനദണ്ഡം ലംഘിച്ച് ഒറ്റ പേര് പരിഗണിച്ച് നിയമിച്ച അഞ്ച് വിസിമാരുടെ ഭാവിയിൽ ആശങ്ക നിലനിൽക്കെയാണ് ഗവർണറുടെ പ്രതികരണം.