സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധി; സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകാൻ സംസ്ഥാന സർക്കാർ

ന്യൂഡൽഹി: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകാൻ സംസ്ഥാന സർക്കാർ. സീനിയർ അഭിഭാഷകരുടെ നിയമ ഉപദേശം ലഭിച്ച ശേഷം ഹർജി ഫയൽ ചെയ്യുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം. സുപ്രീം കോടതി വിധി മറ്റ് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തെ ബാധിക്കാൻ സാധ്യത ഉള്ളതിനാലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കി സുപ്രീം കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധി ഉന്നതവിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപക പ്രത്യഘാതം ഉണ്ടാക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ മുതിർന്ന അഭിഭാഷകർ വിലയിരുത്തുന്നത്. വൈസ് ചാൻസലർ നിയമനം ഉൾപ്പടെ സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമസഭാ പാസാക്കുന്ന നിയമങ്ങൾ അപ്രസക്തമാകുമെന്നും സർക്കാർ ആശങ്കപ്പെടുന്നു.

മറ്റ് സർവകലാശാല വിസിമാരുടെ നിയമനം ചോദ്യം ചെയ്ത് കൂടുതൽ ഹർജികൾ വരും ദിവസങ്ങളിൽ ഹൈക്കോടതിയിൽ എത്താൻ സാധ്യത ഉണ്ട്. അതിനാൽ എത്രയും വേഗം പുനഃപരിശോധന ഹർജി ഫയൽ ചെയ്യണമെന്നും സർക്കാരിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.