സിപിഎം നേതാക്കൾക്കെതിരായ സ്വപ്നയുടെ ആരോപണം: അന്വേഷണം നടത്താൻ പോലീസ് തയ്യാറാകണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: സിപിഎം നേതാക്കളായ രണ്ട് മുൻ മന്ത്രിമാർക്കും മുൻ സ്പീക്കർക്കും എതിരായ സ്വപ്നയുടെ ലൈംഗിക ആരോപണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്തരം ആരോപണങ്ങൾ വന്നാൽ എഫ്‌ഐആർ ഇട്ട് അന്വേഷിക്കുന്നതാണ് കേരളത്തിന്റെ ചരിത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോപണവിധേയരായ സി.പി.എം നേതാക്കൾ അവരുടെ നിരപരാധിത്വം തെളിയിക്കട്ടെ. അവർ കുറ്റവാളികളാണെന്ന് ഇപ്പോൾ പറയുന്നില്ല. പക്ഷെ ആരോപണം വന്നാൽ അന്വേഷിക്കണം. അതിന് സർക്കാരും പോലീസും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെയും ആരോപണമുണ്ട്. സ്പേസ് പാർക്കിൽ തന്നെ നിയമിച്ചത് വിദേശ കമ്പനികളുമായി വിലപേശി കമ്മീഷൻ കൈപ്പറ്റുന്നതിന് വേണ്ടിയാണെന്നാണ് ആരോപണം. മുഖ്യധാരാ മാധ്യമങ്ങളിൽ പലതിലും സ്വപ്നയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച വാർത്ത കാണാനില്ല. എന്തുകൊണ്ടാണ് ആ വാർത്ത മാറ്റിയത്. എൽദോസ് കുന്നപ്പള്ളിക്കെതിരെ ആക്ഷേപം വന്നപ്പോൾ എല്ലാ മാധ്യമങ്ങളും വാർത്തായാക്കിയല്ലോ. സിപിഎമ്മിലെ മൂന്ന് പ്രമുഖർക്കെതിരെയാണ് സ്വപ്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ വാർത്ത ഒരു മാധ്യമങ്ങളും മൂടിവയ്ക്കാൻ ശ്രമിക്കേണ്ട. ഇതും ഒരു സ്ത്രീയുടെ പരാതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.