75 ശതമാനം ട്വിറ്റര്‍ ജീവനക്കാരെയും മസ്‌ക് പിരിച്ചു വിടാനൊരുങ്ങുവെന്ന് റിപ്പോര്‍ട്ട്‌

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ 75 ശതമാനം ജീവനക്കാരെയും പിരിച്ചു വിടാനൊരുങ്ങുവെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിലെ 7,500 തൊഴിലാളികളില്‍ 75 ശതമാനം പേരെയും ഒഴിവാക്കാനാണ് മസ്‌കിന്റെ നീക്കമെന്നാണ് സൂചന.

ശമ്ബള ഇനത്തില്‍ ചെലവാക്കുന്ന തുക ഏകദേശം 800 മില്യണ്‍ ഡോളറായി വെട്ടിക്കുറയ്ക്കാന്‍ ട്വിറ്ററിന്റെ നിലവിലെ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. ഇതുപ്രകാരം നാലിലൊന്ന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും. മസ്‌ക് ട്വിറ്റര്‍ വാങ്ങാന്‍ തീരുമാനിക്കും മുന്‍പുതന്നെ ചെലവ് കുറയ്ക്കാനുള്ള വിപുലമായ പദ്ധതികള്‍ ട്വിറ്റര്‍ മാനേജ്‌മെന്റ് ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ കൂട്ടപിരിച്ചുവിടലിന് നീക്കമില്ലെന്നാണ് എച്ച്.ആര്‍ വിഭാഗം തൊഴിലാളികളെ അറിയിച്ചത്. അതിനിടെയാണ് മസ്‌കിന്റെ കൂട്ടപിരിച്ചു വിടല്‍ പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് വരുന്നത്.

4400 കോടി ഡോളറാണ് ട്വിറ്ററിന് ഇലോണ്‍ മസ്‌കിട്ട വില. എന്നാല്‍, ഇടയ്ക്ക് ഇടപാടില്‍ നിന്നും പിന്‍മാറുകയാണെന്ന് മസ്‌ക് വ്യക്തമാക്കുകയുണ്ടായി. കരാറിലെ വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചെന്നും വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ കമ്ബനി പരാജയപ്പെട്ടുവെന്നുമായിരുന്നു പരാതി. സ്പാം, വ്യാജ അക്കൗണ്ടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ട്വിറ്റര്‍ തയ്യാറായില്ലെങ്കില്‍, കരാറില്‍ നിന്ന് പിന്നോട്ടു പോകുമെന്നാണ് മസ്‌ക് മുന്നറിയിപ്പ് നല്‍കിയത്. ഇത് സങ്കീര്‍ണമായ കോടതി വ്യവഹാരങ്ങളിലേക്ക് നയിച്ചതോടെ ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് മസ്‌ക് വ്യക്തമാക്കുകയായിരുന്നു.