കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; ശങ്കരാചാര്യരുടെ സമാധിസ്ഥലവും സന്ദർശിച്ചു

ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശങ്കരാചാര്യരുടെ സമാധിസ്ഥലവും നരേന്ദ്രമോദി സന്ദർശിച്ചു. ഹിമാചൽ പ്രദേശ് സന്ദർശനത്തിനിടെ പ്രധാനമന്ത്രിയ്ക്ക് ഒരു യുവതി സമ്മാനമായി നൽകിയ പരമ്പരാഗത വേഷവും തൊപ്പിയും ധരിച്ചായിരുന്നു മോദിയുടെ ക്ഷേത്ര ദർശനം. ഈ ചിത്രം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഗൗരികുണ്ടിൽ നിന്ന് കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള റോപ് വേ നിർമ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. 2400 കോടി രൂപയാണ് റോപ്‌വേ നിർമ്മിക്കുന്നതിന്റെ ചെലവ്. ബദരിനാഥ് ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തി. പ്രത്യേക പൂജകളും ഇവിടെ നടന്നു. രണ്ടു ക്ഷേത്രങ്ങളിലെയും വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി.

ഞായറാഴ്ച്ച പ്രധാമന്ത്രി അയോദ്ധ്യയിലെത്തും. ദീപോത്സവ ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. 3400 കോടിയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും.