യുജിസി ചട്ടങ്ങൾ പാലിച്ചില്ല; കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറായ ഡോ രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കി സുപ്രീംകോടതി. ഡോ രാജശ്രീ എം എസിനെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി നിയമിച്ച് 2019 ഫെബ്രുവരി രണ്ടിനാണ് ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമനം യുജിസി ചട്ടങ്ങൾ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല) എൻജിനീയറിങ് ഫാക്കൽറ്റി മുൻ ഡീൻ ഡോ. ശ്രീജിത്ത് പി. എസ്. നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി രവികുമാർ തുടങ്ങിയവർ അടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള പ്രമുഖ വ്യക്തികൾ അടങ്ങുന്നതായിരിക്കണം സെർച്ച് കമ്മിറ്റിയെന്നാണ് യുജിസി ചട്ടം. എന്നാൽ ചീഫ് സെക്രട്ടറിയെയാണ് സെർച്ച് കമ്മിറ്റിയിൽ അംഗമാക്കിയതെന്നും അദ്ദേഹം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തിയല്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. വൈസ് ചാൻസലർ നിയമത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ രൂപീകരണം ചട്ടങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നു ഡോ രാജശ്രീ എംഎസിന്റെ നിയമനം എന്നത് ഉൾപ്പെടെ വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങളിൽ മൂന്ന് ലംഘനം ഉണ്ടായെന്നാണ് ഹർജിക്കാരന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നത്.

വിസി നിയമനത്തിന് പാനൽ നൽകണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥ ലംഘിച്ച് ഡോ. രാജശ്രീയുടെ പേര് മാത്രമാണ് ചാൻസലറായ ഗവർണർക്ക് കൈമാറിയത്. യുജിസി ചെർമാന്റെ നോമിനിക്ക് പകരം എഐസിടിഇ നോമിനിയെയാണ് സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.