കൊച്ചി: സംസ്ഥാനത്തെ 250 സ്കൂളുകള് ലഹരി സംഘങ്ങള് നോട്ടമിട്ടിരിക്കുന്നുവെന്ന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് കേരള ലീഗല് സര്വീസ് അതോറിറ്റി മെംബര് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്ട്ട് തേടി ഹൈക്കോടതി. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാര്, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ച് വിഷയത്തില് ഇടപെട്ടത്.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്വകലാശാലകളും ലഹരി വിമുക്തമാക്കാന് ക്യാംപസ് പൊലീസ് യൂണിറ്റ് രൂപീകരിക്കണമെന്നും ലഹരി ഉപയോഗം തടയാന് സ്കൂളുകളിലും കോളജുകളിലും ആന്റി ഡ്രഗ് ക്ലബ്ബുകള് രൂപീകരിക്കണമെന്നും തുടങ്ങി 10 നിര്ദേശങ്ങള് 2021 ഫെബ്രുവരിയില് ഹൈക്കോടതി നല്കിയിരുന്നു. ഇത് ഓര്മ്മപ്പെടുത്തിയ കോടതി ഒരാഴ്ച കഴിഞ്ഞു കേസ് പരിഗണിക്കാമെന്ന് അറിയിച്ചു.
അതേസമയം, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, തിരക്കേറിയ ജംഗ്ഷനുകളിലും ചില്ലറ സാധനങ്ങള് വില്ക്കുകയും ഭിക്ഷ യാചിക്കുകയും ചെയ്യുന്ന നാടോടിക്കുട്ടികളെ അഭയകേന്ദ്രങ്ങളിലേക്കു മാറ്റുകയോ നാട്ടിലേക്കു തിരിച്ചയക്കുകയോ ചെയ്യണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ബാലനീതി നിയമ പ്രകാരം ഇവര്ക്കു സംരക്ഷണം നല്കാന് സര്ക്കാരിനു ബാധ്യതയുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളില് നിന്നുള്ള കുട്ടികളെ നാട്ടിലേക്കു തിരിച്ചയക്കുന്നതു വരെ പാര്പ്പിക്കാനുള്ള കേന്ദ്രങ്ങളുടെ വിശദാംശങ്ങള് അറിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. പാതയോരങ്ങളിലും പ്ലാറ്റ്ഫോമുകളിലും അന്തിയുറങ്ങുന്ന കുട്ടികളുടെ ചിത്രങ്ങള് പത്രങ്ങളില് വന്നതും കോടതി പരിഗണിച്ചു.

