ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി തള്ളി സുപ്രീം കോടതി. ഹൈക്കോടതി വിധി റദ്ദാക്കി വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. വിചാരണ കോടതി ജഡ്ജി നേരിട്ടോ അല്ലാതെയോ ദിലീപുമായി ബന്ധം ഉണ്ടാക്കിയതിന് തെളിവുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാൽ, കേസിന്റെ വിചാരണ തടസപ്പെടുത്താൻ ഇതിന് മുമ്പും പല ശ്രമങ്ങളും ഉണ്ടായതായാണ് ദിലീപ് സുപ്രീം കോടതിയെ അറിയിച്ചത്.
കേസിൽ നിന്ന് രണ്ട് പബ്ലിക് പ്രോസിക്യുട്ടർമാർ ഇതിനോടകം പിന്മാറി. കേസുമായി ബന്ധപ്പെട്ട തുടർ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച ദിലീപിന്റെ ഫോണിൽ നിന്ന് ഒരു അഭിഭാഷകന്റെ ശബ്ദസന്ദേശം ലഭിച്ചിരുന്നു. ഇതിൽ വിചാരണക്കോടതി ജഡ്ജിയുടെ ഭർത്താവുമായി ബന്ധപ്പെട്ട കസ്റ്റഡി മരണത്തെ സംബന്ധിച്ച പരാമർശമാണെന്നും അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.
ഭർത്താവ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വിചാരണ കോടതി ജഡ്ജി എന്ത് പിഴച്ചുവെന്ന് സുപ്രീം കോടതി ചോദിച്ചു. വിചാരണ കോടതി ജഡ്ജി നേരിട്ടോ അല്ലാതെയോ ദിലീപുമായി ബന്ധം ഉണ്ടാക്കിയതിന് തെളിവ് ഉണ്ടോ എന്ന് ജസ്റ്റിസ് അജയ് രസ്തോഗി ചോദിച്ചു. ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ ജഡ്ജിയുമായി ബന്ധപ്പെട്ടതിനും തെളിവുണ്ടോയെന്നും കോടതി ചോദിക്കുന്നു. വിചാരണ കോടതിക്കോ ജഡ്ജിക്കോ തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് അറിയാൻകഴിയുന്നത് ഹൈക്കോടതിക്കും ഹൈക്കോടതിയിലെ ഭരണ സംവിധാനത്തിനുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

