മുംബൈ: കോടതികൾ നീണ്ട അവധിയെടുക്കുന്നതിനെതിരായ ഹർജി ബോംബെ ഹൈക്കോടതി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കും. നവംബർ 20ന് കേസ് പരിഗണിക്കാൻ വേണ്ടി കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈ സ്വദേശിനി സബീന ലക്ഡെവാലയാണ് ഇതുസംബന്ധിച്ച ഹർജി സമർപ്പിച്ചത്. ആഴ്ചകളോളം കോടതികൾ അവധിക്ക് പിരിയുന്നത് കാരണം നീതി നടപ്പിലാകാൻ വൈകുന്നുവെന്നാണ് ഹർജിയിലെ ആരോപണം.
സർക്കാർ അവധികൾക്ക് പുറമെ 70 ദിവസത്തോളമാണ് മൂന്ന് ഘട്ടങ്ങളിലായി കോടതികൾ അടഞ്ഞ് കിടക്കാറുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് കൊണ്ടുവന്ന ഇത്തരം അവധികൾ ഇപ്പോഴും തുടരുന്നത് നീതി നടപ്പിലാകാൻ കാരണതാമസമുണ്ടാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്നപ്പോൾ അവരുടെ പൗരൻമാരായിരുന്നു ന്യായാധിപൻമാർ. അവർക്ക് ബുദ്ധിമുട്ടായതിനാലാണ് മധ്യവേനലവധി നൽകിയിരുന്നത്. ഇത് ഇപ്പോഴും തുടരുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. കൊളോണിയൽ കാലത്തെ രീതികൾ തുടരുന്നതിലെ യുക്തിയും ഹർജി ചോദ്യം ചെയ്യുന്നുണ്ട്.
മധ്യവേനൽ അവധിക്കാലത്ത് ഒരു മാസം, ദീപാവലിക്ക് രണ്ടാഴ്ച, ക്രിസ്മസിന് ഒരാഴ്ച എന്നിങ്ങനെയാണ് കോടതിയ്ക്ക് അവധി നൽകിയിരിക്കുന്നത്. അതേസമയം, ഹർജി ജഡ്ജിമാർ അവധിയെടുക്കുന്നതിനെതിരല്ലെന്നും മൊത്തം സംവിധാനം പ്രവർത്തനരഹിതമായി മാറുന്നതിനെതിരെ മാത്രമാണെന്നും ഹർജിയിൽ വിശദീകരിക്കുന്നു.

