ഗവർണർ നീക്കം ചെയ്ത 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി കേരളാ യൂണിവേഴ്‌സിറ്റി; നോട്ടീസ് അയച്ചു

തിരുവനന്തപുരം: ഗവർണർ നീക്കം ചെയ്ത 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി കേരളാ യൂണിവേഴ്‌സിറ്റി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇവരെ സെനറ്റിൽ നിന്നും നീക്കം ചെയ്‌തെന്ന നോട്ടിസ് കേരള സർവകലാശാല റജിസ്ട്രാർ 15 പേർക്കും കൈമാറിയിട്ടുണ്ട്.

നവംബർ 4 നും 19 നുമുള്ള സെനറ്റ് യോഗങ്ങളിൽ പങ്കെടുക്കാനായി 15 പേർക്കും അയച്ചിട്ടുള്ള ക്ഷണക്കത്ത് ഗസറ്റ് വിജ്ഞാപനത്തെ തുടർന്ന് പിൻവലിച്ചതായി കണക്കാക്കപ്പെടും. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ.

കേരള സർവകലാശാല സെനറ്റ് അംഗങ്ങളിൽ ചാൻസലറുടെ നോമിനികളായ 15 പേരെയാണ് കഴിഞ്ഞ ദിവസം ഗവർണർ പിൻവലിച്ചത്. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിൻവലിക്കാൻ കാരണമായത്. ശനിയാഴ്ച മുതൽ 15 അംഗങ്ങൾ അയോഗ്യരാണെന്ന് വ്യക്തമാക്കി കേരള സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ കത്ത് നൽകുകയയും ചെയ്തിരുന്നു.

ഗവർണർ പിൻവലിച്ചവരിൽ അഞ്ച് പേർ സിൻഡിക്കേറ്റ് അംഗങ്ങളും കൂടിയാണ്. വൈസ് ചാൻസലർ നിയമനത്തിനായി ചാൻസലറായ ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചർച്ച ചെയ്യാനാണ് കഴിഞ്ഞദിവസം യോഗം വിളിച്ചു ചേർത്തത്.