ഉത്സവകാല സൂപ്പർ സേവർ പ്ലാൻ അവതരിപ്പിച്ച് ചലോ; അമ്പതു രൂപയ്ക്ക് ഏതു റൂട്ടിലേക്കും പത്ത് യാത്രകള്‍

കോട്ടയം: ഉത്സവകാല സൂപ്പർ സേവർ പ്ലാൻ അവതരിപ്പിച്ച് ചലോ. കോട്ടയത്ത് സ്വകാര്യ ബസ് യാത്രക്കാർക്ക് ഡിജിറ്റൽ യാത്രാനുഭവമൊരുക്കുന്ന പ്ലാറ്റ്‌ഫോമാണ് ചലോ. 50 രൂപയ്ക്ക് ഏത് റൂട്ടിലേക്കും 10 യാത്രകളാണ് ഒറ്റ തവണ സൂപ്പർ സേവർ ഓഫറിലൂടെ ലഭ്യമാക്കുന്നത്. ബസ് യാത്രക്കാർക്ക് ഡിജിറ്റൽ ടിക്കറ്റിങ്ങ് എന്ന ആശയം പരിചയപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ചലോ ലക്ഷ്യമിടുന്നത്്.

കോട്ടയത്തെ എല്ലാ പ്രൈവറ്റ് ബസ്സുകളിലും വരുന്ന ഉത്സവകാലത്ത് ഈ ഓഫറിൽ യാത്ര ചെയ്യാം. ഇതിനായി ചലോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ അല്ലെങ്കിൽ ചലോ കാർഡ് കൈവശം വെയ്ക്കുകയോ വേണം. സൂപ്പർ സേവർ പ്ലാൻ അല്ലെങ്കിൽ ഡിജിറ്റൽ ടിക്കറ്റ് സേവനം ഉപയോഗിക്കാത്തവർക്ക് മാത്രമേ ഓഫർ ലഭിക്കൂ. ടിക്കറ്റ് വിലയുടെ 75% ത്തോളം യാത്രക്കാർക്ക് ലാഭിക്കാം. ബസ് കണ്ടക്ടറിൽ നിന്നോ അടുത്തുള്ള ചലോ സെന്ററുകളിൽ നിന്നോ ചലോ കാർഡുകൾ വാങ്ങാം.

ചലോ കാർഡുകൾ ആദ്യമായി വാങ്ങുന്നവർക്ക് 50% ആദായത്തിൽ 30 രൂപയ്ക്ക് ലഭിക്കും. ആപ്പ് ഉപയോഗിക്കുന്നവർ ആപ്ലിക്കേഷനിലെ ബസ് സെക്ഷനിൽ സൂപ്പർ സേവർ രൂപ 50 എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു തങ്ങളുടെ വിവരങ്ങൾ നൽകി കാർഡ് എടുക്കാം. അതിനുശേഷം യുപിഐ വഴിയോ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ പൈസ അടക്കാം. ബസ്സിൽ കയറി സ്റ്റാർട്ട് എ ട്രിപ്പ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്തതിനുശേഷം ടിക്കറ്റ് മെഷീനിൽ ക്ലിക്ക് ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ ഡിജിറ്റൽ യാത്രക്കാർക്ക് റെസിപ്റ്റ് ഫോണിൽ ലഭിക്കുന്നതാണ്.