പ്രശ്നങ്ങള് അവസാനിക്കാതെ പ്രഭാസിന്റെ ‘ആദിപുരുഷ്’. അടുത്തിടെ ഈ ചിത്രത്തിന്റെ ടീസര് പുറത്തിറങ്ങിയിരുന്നു. അതിന് പിന്നാലെ ചിത്രത്തിനെതിരെ നിരവധി പേര് എതിര്പ്പുമായി എത്തിയിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ലുക്കിനും വിഎഫ്എക്സിനും സംവിധായകന് സോഷ്യല് മീഡിയയില് വന് വിമര്ശനമാണ് നേരിട്ടത്.
അതേസമയം, ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചില് ഹര്ജി നല്കി. ഹര്ജിക്കാരനായ കുല്ദീപ് തിവാരിക്ക് വേണ്ടി കോടതിയില് ഹാജരായ അഭിഭാഷക രഞ്ജന അഗ്നിഹോത്രിയാണ് ചിത്രത്തിലെ പല രംഗങ്ങളോടും എതിര്പ്പ് പ്രകടിപ്പിച്ചത്. ഇതോടൊപ്പം ചിത്രം നിരോധിക്കണമെന്ന ആവശ്യവും ഹര്ജിയില് ഉയര്ന്നു.
ചിത്രം അടുത്ത ജനുവരി 12ന് റിലീസ് ചെയ്യും. കേന്ദ്രം, സംസ്ഥാനം, സെന്സര് ബോര്ഡ്, ഓം റൗത്ത്, സെയ്ഫ് അലി ഖാന്, പ്രഭാസ്, കൃതി സനോണ് എന്നിവര് ഈ കേസില് ഉള്പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് അശ്വിനി സിംഗ് പറഞ്ഞു.

