തിരുവനന്തപുരം: ബലാത്സംഗക്കേസില് പ്രതിയായ എല്ദോസ് കുന്നപ്പിള്ളി എംഎല്എയ്ക്ക് തിരുവനന്തപുരം അഡീഷണല് സെഷന്സ് കോടതി മുന്കൂര് ജാമ്യം അനുവദിച്ചു. പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴിയടക്കം പരിശോധിച്ചതിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാല്, പരാതിയില് ഉറച്ചു നില്ക്കുന്നുവെന്നും എല്ദോസിന് ജാമ്യം ലഭിച്ചതില് വിഷമമുണ്ടെന്നും പരാതിക്കാരി പ്രതികരിച്ചു.
ഫോണ്, പാസ്പോര്ട്ട് എന്നിവ കോടതിയില് സമര്പ്പിക്കണം, സംസ്ഥാനം വിട്ടുപോകാന് പാടില്ല, 22ാം തീയതി അന്വേഷണ ഉദ്യോഗസ്ഥര്ക്ക് മുന്നില് ഹാജരാകണം, സമൂഹമാദ്ധ്യമങ്ങള് വഴി പ്രകോപനപരമായ പോസ്റ്റുകള് പാടില്ല എന്നീ കര്ശനമായ ഉപാധികളോടെയാണ് എല്ദോസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്, ദേഹോപദ്രവം ഏല്പ്പിക്കല്, വധശ്രമം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല് തുടങ്ങിയ വകുപ്പുകളാണ് എല്ദോസ് കുന്നപ്പിള്ളിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, താന് നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എല്ദോസ് കെപിസിസിക്ക് മുമ്പില് വിശദീകരിച്ചതായി അദ്ധ്യക്ഷന് കെ സുധാകരന് അറിയിച്ചു. പി ആര് ഏജന്സി ജീവനക്കാരി എന്ന നിലയ്ക്കാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുണ്ടെന്നും എല്ദോസ് പറഞ്ഞിരുന്നു. പാര്ട്ടി നടപടി എടുക്കും മുമ്ബ് തന്റെ വിശദീകരണം കൂടി കേള്ക്കണമെന്നും എല്ദോസ് ആവശ്യപ്പെട്ടു.

