എല്ലാ പാർട്ടികളിലും ഇതുപോലത്തെ ഞരമ്പുരോഗികൾ ഉണ്ട്; എൽദോസ് കുന്നപ്പിള്ളിക്കെതിരെ വിമർശനവുമായി കെ മുരളീധരൻ

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എല്ലാ പാർട്ടികളിലും ഇതുപോലത്തെ ഞരമ്പുരോഗികൾ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എൽദോസ് കുന്നപ്പിള്ളിക്കെതിരായ പാർട്ടി നടപടി വൈകിയെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. യുവതിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം എൻദോസ് കുന്നപ്പിള്ളിക്കെതിരെ വിമർശനം ഉന്നയിച്ചത്.

എംഎൽഎയുടെ മുൻകൂർ ജാമ്യഹർജിയിൽ തിരുവനന്തപുരം അഡിഷണൽ ജില്ലാ സെഷൻസ് കോടതി വ്യാഴാഴ്ച്ച വിധി പ്രസ്താവം നടത്തും. എംഎൽഎയുടെ ജാമ്യം നിഷേധിച്ചാൽ എത്രയും പെട്ടെന്ന് അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ നീക്കം. എംഎൽഎക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പോലീസ് പദ്ധതിയിടുന്നുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് എംഎൽഎയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, എൽദോസ് കുന്നപ്പിള്ളിയോട് കെപിസിസി നേരത്തെ വിശദീകരണം തേടിയിരുന്നു. ഒക്ടോബർ ഇരുപതിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെ സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.