ന്യൂഡല്ഹി: നടി ആക്രമിക്കപ്പെട്ട കേസില് വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്ജിയില് തടസ്സ ഹര്ജി ഫയല് ചെയ്ത് ദിലീപ്. അതിനാല്, ഹര്ജി ഫയലില് സ്വീകരിക്കുന്ന പക്ഷം അതിജീവിതയുടെ ഹര്ജിയില് ഉത്തരവിറക്കും മുന്നേ സുപ്രീം കോടതി ദിലീപിനേയും കേള്ക്കും.
അതേസമയം, വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്ത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളില് ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിത കോടതി മാറ്റം ആവശ്യപ്പെട്ടത്. ഹണി എം വര്ഗീസ് വിചാരണ നടത്തിയാല് തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയില് വാദിച്ചിരുന്നു.
എന്നാല്, അതിജീവിതയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്കിയ ഹര്ജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം.

