ലണ്ടന്: സര്ക്കാരിന്റെ നിയമങ്ങള് ലംഘിച്ചുവെന്ന് അറിയിച്ച് യുകെ ആഭ്യന്തര സെക്രട്ടറി സുയെല്ല ബ്രാവര്മാന് സ്ഥാനം രാജിവച്ചു. രാജിക്കത്ത് പ്രധാനമന്ത്രി ലിസ് ട്രസിന് കൈമാറി. ഒരാഴ്ചയ്ക്കിടെ ലിസ് ട്രസ് ക്യാബിനറ്റില് നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇവര്.
‘കുടിയേറ്റം സംബന്ധിച്ച മന്ത്രിതല പ്രസ്താവനയുടെ കരട് രേഖാമൂലം പ്രസിദ്ധീകരിക്കുന്നതിനായി വിശ്വസ്തനീയനായ പാര്ലമെന്ററി സഹപ്രവര്ത്തകന് ഇമെയില് മുഖാന്തിരം അയച്ചു. ഇതിലൂടെ നിയമങ്ങള് സാങ്കേതികമായി ലംഘിച്ചു. തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ ഔദ്യോഗിക ചാനലുകളില് വിവരമറിയിച്ചു. വോട്ടര്മാര്ക്ക് നല്കിയ പ്രധാന വാഗ്ദ്ധാനങ്ങള് സര്ക്കാര് ലംഘിച്ചു. പ്രകടനപത്രികയിലെ വാഗ്ദ്ധാനങ്ങളെ മാനിക്കുന്നതിനുള്ള സര്ക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ച് ആശങ്കയുണ്ട്. ലിസ് ട്രസ് സര്ക്കാരിന്റെ നിര്ദേശങ്ങളെക്കുറിച്ചും ആശങ്കയുണ്ട്’- സുയെല്ല രാജിക്കത്തില് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവര്ക്കെതിരെ സുയെല്ല ബ്രാവര്മാന് അടുത്തിടെ നടത്തിയ ചില പരാമര്ശങ്ങള് കേന്ദ്ര സര്ക്കാരിനെ ചൊടിപ്പിച്ചിരുന്നു. യുകെയില് വിസ കാലാവധി കഴിഞ്ഞും തങ്ങുന്നവരില് ഏറിയ പങ്കും ഇന്ത്യക്കാരായതിനാല് ഇന്ത്യയുമായി കരാറില് ഏര്പ്പെടാന് ആശങ്കയുണ്ടെന്നും ഇത് കൂടുതല് കുടിയേറ്റത്തിലേയ്ക്ക് വഴിതെളിക്കുമെന്നുമാണ് ഒരു അഭിമുഖത്തില് ഇന്ത്യന് വംശജ കൂടിയായ സുല്ല ബ്രാവര്മാന് പറഞ്ഞത്. ഇതിനു പിന്നാലെ ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര് തകര്ച്ചയുടെ വക്കിലാണെന്നും റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു.
.

