തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച തീവ്രയജ്ഞത്തിന്റെ സമയപരിധി നീട്ടി ഉത്തരവ് പുറപ്പെടുവിച്ചു. ഒരു മാസത്തേക്ക് കൂടിയാണ് തീയതി നീട്ടി ഉത്തരവിറക്കിയത്. സെപ്തംബർ മുപ്പതിനകം ഫയൽ തീർപ്പാക്കണമെന്നായിരുന്നും നേരത്തെ മുഖ്യമന്ത്രി നൽകിയിരുന്ന നിർദ്ദേശം. പിന്നീട് ഇത് ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചിരുന്നു. എന്നാൽ, പകുതി ഫയലുകളിൽ പോലും തീർപ്പുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് വീണ്ടും തീയതി നീട്ടി നൽകാൻ തീരുമാനിച്ചത്.
ഓരോ ഫയലും ഓരോ ജീവിതം ആണെന്ന പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞം പ്രഖ്യാപിച്ചത്. ജൂൺ 15 മുതൽ സെപ്തംബർ 30 വരെയായിരുന്നു പ്രത്യേക കർമ്മ പദ്ധതി. എന്നാൽ നിശ്ചയിച്ച സമയ പരിധിക്കകത്ത് കെട്ടിക്കിടക്കുന്ന ഫയലുകളിൽ പകുതി തീർക്കാൻ പോലും ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സമയപരിധി ദീർഘിപ്പിച്ചിട്ടുള്ളത്.
തീവ്ര യജ്ഞം പ്രഖ്യാപിച്ചിട്ടും തീർപ്പാക്കിയത് വെറും 38 ശതമാനം ഫയൽ മാത്രമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിൽ അവധി ഒഴിവാക്കി ജീവനക്കാർ എത്തിയിട്ടും പദ്ധതി പ്രതീക്ഷിച്ചത്ര ഫലം ഉളവാക്കിയിട്ടില്ല. സെക്രട്ടേറിയറ്റിൽ മാത്രം രണ്ട് ലക്ഷത്തോളം ഫയൽ കെട്ടിക്കിടക്കുന്നുണ്ട്. ആരോഗ്യം വിദ്യാഭ്യാസം തദ്ദേശ ഭരണ വകുപ്പുകളാണ് ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ വളരെ പിന്നിലുള്ളത്. പൊതുഭരണ വകുപ്പിൽ 15407 ഫയലും ആഭ്യന്തര വകുപ്പിൽ 14314 ഫയലും തീർപ്പാക്കാനുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

