കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് സ്റ്റേ ആവശ്യം തള്ളിയത്. കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്.
‘ഗോമാതാ ഉലർത്ത്’ എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോയാണ് രഹ്ന സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. യൂട്യൂബ് ചാനൽ വഴി വർഗീയ സംഘർഷമുണ്ടാക്കാനായി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകൻ രജീഷ് രാമചന്ദ്രനാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് രഹ്ന നേരത്തെ വിവാദത്തിൽപ്പെട്ടിരുന്നു. നഗ്നശരീരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരിപ്പിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലും രഹ്ന ഫാത്തിമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ജുവനൈൽ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്.

