15 സെനറ്റ് അംഗങ്ങളെ പിന്വലിച്ച് ഉത്തരവിറക്കിയ ഗവര്ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കേരള സര്വകലാശാല. ഗവര്ണറുടെ നടപടി സര്വകലാശാല നിയമങ്ങള്ക്ക് വിരുദ്ധമാണെന്നാണ് സര്വകലാശാലയുടെ നിലപാട്.
അതേസമയം, സെനറ്റ് യോഗത്തില് പങ്കെടുക്കാത്ത 15 പേരെ ഗവര്ണര് നേരത്തെ അയോഗ്യരാക്കുകയായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാനുള്ള നിര്ദേശം ഗവര്ണര് സര്വകലാശാല വി സിക്ക് നല്കുകയും ചെയ്തിരുന്നു. ഉടന് തന്നെ ഉത്തരവ് പുറത്തിറക്കണമെന്നായിരുന്നു ഗവര്ണറുടെ അന്ത്യശാസനം. എന്നാല്, സര്വകലാശാല ഇത് തള്ളുകയും, വി സി സ്ഥലത്തില്ലാത്തതിനാല് നടപടിയെടുക്കാന് സാധിക്കില്ലെന്ന് രാജ്ഭവനെ രേഖാമൂലം അറിയിക്കുകയുമായിരുന്നു.
കേസില് ഗവര്ണറുടെ നടപടി സ്റ്റേ ചെയ്യണമെന്നാകും അംഗങ്ങള് കോടതിയില് പ്രധാനമായും ആവശ്യപ്പെടുക. സ്റ്റേ അനുവദിച്ചാല് അടുത്ത സെനറ്റ് യോഗത്തില് അംഗങ്ങളെ പങ്കെടുപ്പിക്കാന് കഴിയും. സെനറ്റില് നിന്ന് പിന്വലിക്കപ്പെട്ട രണ്ട് അംഗങ്ങളാണ് കോടതിയെ സമീപിക്കുന്നത്. സെനറ്റ് യോഗത്തില് നിന്ന് ഇടത് അംഗങ്ങള് വിട്ട് നിന്നതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞതിന് പിന്നാലെയാണ് അംഗങ്ങളെ പിന്വലിച്ചുകൊണ്ടുള്ള അസാധാരണ നടപടിയിലേക്ക് ഗവര്ണര് നീങ്ങിയത്.

