യുക്രൈനിലുള്ള ഇന്ത്യൻ പൗരൻമാർ ഉടൻ രാജ്യം വിടണം; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഇന്ത്യൻ പൗരൻമാരോട് രാജ്യം വിടാൻ നിർദ്ദേശിച്ച് യുക്രൈനിലെ ഇന്ത്യൻ എംബസി. റഷ്യ- യുക്രൈൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദ്ദേശം എംബസി നൽകിയിട്ടുള്ളത്. യുക്രൈനിലേക്കുള്ള യാത്ര നിർത്തി വെയ്ക്കണം, വിദ്യാർത്ഥികൾ അടക്കം യുക്രൈനിലുള്ള ഇന്ത്യൻ പൗരൻമാർ ഉടൻ രാജ്യം വിടണം തുടങ്ങിയവയാണ് എംബസി നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ.

യുക്രൈനിലെ നാല് സ്ഥലങ്ങളിൽ പട്ടാള നിയമം നടപ്പിലാക്കി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ഉത്തരവിറക്കിയിരുന്നു. തുടർന്നാണ് ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ച് ഇന്ത്യൻ എംബസി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

അതേസമയം, യുക്രൈനിൽ റഷ്യ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. യുക്രൈനിലെ ജല, ഊർജ വിതരണ സംവിധാനങ്ങൾ റഷ്യ തകർത്തിരുന്നു. യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തെ ആകെ ഊർജവിതരണ സംവിധാനങ്ങളുടെ മൂന്നിലൊന്ന് റഷ്യ തകർത്തതായി അദ്ദേഹം വ്യക്തമാക്കി. ഊർജസംവിധാനങ്ങൾ ലക്ഷ്യമിട്ട് യുക്രൈൻ തലസ്ഥാന നഗരമായ കീവിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

മഞ്ഞുകാലം അടുത്തിരിക്കെ വൈദ്യുതിയില്ലാത്തത് ജനങ്ങളെ വളരെയോറെ പ്രയാസത്തിലാക്കുമെന്ന് യുക്രൈൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. കീവിലും സുമിയിലും ഡിനിപ്രോയിലുമാണ് റഷ്യ അപ്രതീക്ഷിത ആക്രമണം നടത്തിയത്. നിരവധി കെട്ടിടങ്ങളാണ് ആക്രമണങ്ങളിൽ തകർന്നത്. ഇറാൻ നൽകിയ ഡ്രോൺ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് യുക്രൈൻ പ്രധാനമന്ത്രി ഡെനിസ് ഷാംഗൽ അറിയിച്ചു.