ആന്ധ്രപ്രദേശിൽ നിന്ന് അരി എത്തിക്കാൻ കേരളം; ഉടൻ കരാറിൽ ഒപ്പുവെയ്ക്കും

തിരുവനന്തപുരം: ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേയ്ക്ക് അരി എത്തിക്കുന്നു. ഇതിനായി കേരളം ആന്ധ്രാ സർക്കാരുമായി കരാറിലേർപ്പെടുമെന്നാണ് വിവരം. എംടിയു 3626 (ബൊണ്ടാലു) ജയ അരിയാണ് സർക്കാർ എത്തിക്കാൻ ശ്രമിക്കുന്നത്. ജയ അരിയുടെ 60000 മെട്രിക് ടൺ ആണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അധികം താമസിയാതെ ഇത് സംബന്ധിച്ച കരാറിൽ ഏർപ്പെടുമെന്ന് ആന്ധ്രാ പ്രദേശ് സിവിൽ സപ്ലൈസ് മന്ത്രി കരുമുറി വെങ്കിട നാഗേശ്വര റാവുവിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുഴുങ്ങിയ അരിയാണ് ആന്ധ്രയിൽ നിന്ന് കൊണ്ടുവരാൻ പദ്ധതിയിടുന്നത്. കേരളാ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലും ഉദ്യോഗസ്ഥരും വിജയവാഡയിലെത്തി ആന്ധ്രാ സിവിൽ സപ്ലൈസ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയാണ് അരി വാങ്ങുന്നതിന് സംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. അരിയോടൊപ്പം ധാന്യങ്ങളും, ചോളവും വറ്റൽ മുളകും വാങ്ങാമെന്നും കേരളം അറിയിച്ചിട്ടുണ്ടെന്ന് നാഗേശ്വര റാവു വ്യക്തമാക്കി. കേരളത്തിന് ആവശ്യമുള്ള അരിയുടെ ഏകദേശ കണക്കാണ് നിലവിൽ നൽകിയിരിക്കുന്നത്. കൃത്യമായി വേണ്ട അളവ് എത്രയാണെന്ന് ഒക്ടോബർ 21-നകം ആന്ധ്രയെ അറിയിക്കാമെന്നാണ് കേരളം വ്യക്തമാക്കിയിട്ടുള്ളത്.

കേരളത്തിന് ഓരോ മാസവും 550 ടൺ വറ്റൽ മുളക് കേരളത്തിന് ആവശ്യമായി വന്നേക്കുമെന്നാണ് കരുതുന്നത്. ഇതിനു പുറമേ 4500 ടൺ ജയ അരിയും 550 ടൺ വറ്റൽ മുളകും കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ വിതരണം ചെയ്യുന്നതിനായി ആന്ധ്രാ പ്രദേശ് സിവിൽ സപ്ലൈസ് വകുപ്പും മാർക്ക്‌ഫെഡുമായി കരാർ ഒപ്പിടുമെന്നാണ് വിവരം. വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിനായി രണ്ടു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ യോഗം ചേരുന്നത്. ഒക്ടോബർ 27 നാണ് യോഗം.